ശബരിമല:ശബരിമല സന്നിധാനത്ത് പുനഃപ്രതിഷ്ഠ നടത്തിയ സ്വര്‍ണ കൊടിമരത്തിന്റെ പഞ്ചവര്‍ഗത്തറയില്‍ മെര്‍ക്കുറി ഒഴിച്ച് കേടുവരുത്തിയ ഭാഗം പഴയ നിലയിലാക്കി. കൊടിമരത്തിന്റെ പ്രധാന ശില്പിയായ പരുമല അനന്തന്‍ ആചാരിയുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം രാവിലെയാണ് കേടുപാടുകള്‍ പരിഹരിച്ചത്.നിറം മങ്ങിയ ഭാഗം പ്രത്യേക ഊഷ്മാവില്‍ ചൂടാക്കി മെര്‍ക്കുറി അവിടെ നിന്നു മാറ്റിയാണ് കൊടിമരത്തിന്റെ പഞ്ചവര്‍ഗ തറയിലെ കേടുവന്ന ഭാഗം പൂര്‍വസ്ഥിതിയിലാക്കിയത്. മൂന്നുമണിക്കൂറോളം നീണ്ട പ്രയത്‌നത്തിലാണ് മങ്ങിപ്പോയ സ്വര്‍ണനിറം വീണ്ടെടുത്തത്.ഇതിനിടെ, ശബരിമല സന്നിധാനത്തെ കൊടിമരത്തിനു കേടു വരുത്തിയ സംഭവത്തില്‍ അട്ടിമറിയില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കസ്റ്റഡിയിലുള്ള വിജയവാഡ സ്വദേശികളായ മൂന്നു പേരെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കുന്നതിനായി ആന്ധ്രാ പോലീസിന്റെ സഹായം തേടാനും അന്വേഷണ സംഘം തീരുമാനിച്ചു.കസ്റ്റഡിയിലുള്ള സത്യനാരായണ റെഡ്ഡിയേയും സംഘത്തേയും പത്തനംതിട്ട എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത് വരികയാണ്. അട്ടിമറി സാധ്യതയില്ലെന്നാണ് പ്രാഥമിക നിഗമനമെങ്കിലും എല്ലാ വശവും പരിശോധിക്കാനാണ് പോലീസിന്റെ തീരുമാനം. ആചാരപരമായാണ് നവധാന്യങ്ങള്‍ക്കൊപ്പം രസം കൊടിമരത്തില്‍ തളിച്ചതാണെന്ന മൊഴിയാണ് സത്യനാരായണ റെഡ്ഡി നല്കിയിരിക്കുന്നത്.