പത്തനംതിട്ട:മണ്ഡല-മകരവിളക്ക് പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും.വൈകീട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തിയാണ് നടതുറക്കുക. നെയ്യ് വിളക്ക് തെളിയിച്ച് ഭക്തജനസാന്നിധ്യം അറിയിക്കുന്നതോടെ ഇത്തവണത്തെ മണ്ഡലകാല തീർത്ഥാടനത്തിന് തുടക്കമാവും. പ്രത്യേക പൂജകള്‍ ഒന്നും ഇല്ലാത്ത ഇന്നത്തെ പ്രധാന ചടങ്ങ് തന്ത്രിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കുന്ന പുതിയ മേല്‍ ശാന്തിമാരുടെ സ്ഥാനാരോഹണമാണ്.വിവിധ സ്ഥലങ്ങളില്‍ നിന്നും എത്തിയ ഭക്തജനങ്ങള്‍ ഇപ്പോള്‍ പമ്പ, നിലക്കല്‍ എന്നിവിടങ്ങളില്‍ തങ്ങുകയാണ്. ഇവരെ ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ സന്നിധാനത്തേക്ക് കടത്തിവിടും.മണ്ഡലകാലത്തിനായി ശബരിമലയും പരിസര പ്രദേശങ്ങളും പൂർണ്ണസജ്ജമായതായി ദേവസ്വം ബോര്‍ഡും സര്‍ക്കാറും വ്യക്തമാക്കി.പമ്പ, നിലക്കല്‍, എരുമേലി എന്നിവിടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ പത്തനംതിട്ട ജില്ലാകളക്ടര്‍ നേരിട്ട് വിലയിരുത്തി.
പതിനായിരം പോലീസുകാരെ അഞ്ച് സെക്ടറുകളായി തിരിച്ചുള്ള സുരക്ഷയാണ് ഇത്തവണ ശബരിമലയില്‍ ഒരുക്കിയിട്ടുള്ളത്. മൂന്നു സ്ഥലങ്ങളിലും എസ് പി മാരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച ചുമതലയേറ്റു. ജില്ലയിലെ എല്ലാ ഇടത്താവളങ്ങളിലും പ്രത്യേക പോലീസ് ഫോഴ്സിനേയും ട്രാഫിക് പോലീസിനേയും നിയോഗിച്ചിട്ടുണ്ട്.പമ്പയിലേക്ക് ഇത്തവണയും സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടില്ല. നിലയ്ക്കലില്‍ നിന്നും പമ്പ വരെ കെ എസ് ആര്‍ ടി സി ബസുകള്‍ മാത്രമെ കടത്തിവിടൂ. നിലയ്ക്കലാണ് തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സൗക്യരം ഒരുക്കിയിരിക്കുന്നത്. ഇവിടെ നിന്ന് തീര്‍ത്ഥാടകരെ പമ്പയിലേക്ക് എത്തിക്കാന്‍ ശനിയാഴ്ച്ച ഇന്ന് രാവിലെ 11 മുതല്‍ കെഎസ്‌ആര്‍ടിസി ചെയിന്‍ സര്‍വ്വീസ് ആരംഭിക്കും.