Kerala, News

മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട തുറന്നു

keralanews sabarimala temple opened for madala makaravilakk pilgrimage

പത്തനംതിട്ട: ശബരിമലയില്‍ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് ആരംഭം. സന്നിധാനത്തും മാളികപുറത്തും പുതുതായി ചുമതലയേറ്റ മേല്‍ശാന്തിമാര്‍ ശ്രീകോവില്‍ തുറന്നു ദീപം തെളിച്ചു. രാവിലെ മുതല്‍ ഭക്തര്‍ ദര്‍ശനത്തിനായി ക്ഷേത്രത്തിലെത്തി. വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്ത ഭക്തരാണ് ദര്‍ശനത്തിനെത്തിയത്.ഇന്നലെ വൈകുന്നേരമാണ് ശബരിമല ക്ഷേത്ര നട തുറന്നത്. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എ കെ സുധീര്‍ നമ്പൂതിരിയാണ് ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിയിച്ചത്. ഇന്നലെ പ്രത്യേക പൂജകളൊന്നും ഉണ്ടായിരുന്നില്ല.കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തിയാണ് ഓരോ അയ്യപ്പഭക്തനെയും കടത്തി വിടുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള അയ്യപ്പ ഭക്തരാണ് ആദ്യം ശബരിമലയില്‍ എത്തിച്ചേര്‍ന്നത്.തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ ആയിരം പേര്‍ക്കും ശനി, ഞായര്‍ ദിവസങ്ങളില്‍ രണ്ടായിരം പേര്‍ക്കും വിശേഷദിവസങ്ങളില്‍ അയ്യായിരം പേര്‍ക്കുമാണ് ദര്‍ശനം അനുവദിച്ചിരിക്കുന്നത്. 16 മുതല്‍ ഡിസംബര്‍ 26 വരെയാണ് മണ്ഡല കാലം. മകരവിളക്ക് ഉത്സവത്തിനായി ക്ഷേത്ര നട 30 ന് തുറക്കും. 2021 ജനുവരി 14 നാണ് മകരവിളക്ക്. 19 ന് വൈകിട്ട് വരെ ദര്‍ശനമുണ്ട്. തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി 20 ന് നട അടയ്ക്കും.സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി മന്ത്രി കടകം പള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ ദേവസ്വം ബോര്‍ഡ് ഇന്ന് യോഗം ചേരും.കോവിഡ് മാനദണ്ഡങ്ങളില്‍ ഇളവനുവദിക്കുന്നതനുസരിച്ച്‌ കൂടുതല്‍ പേര്‍ക്ക് പ്രവേശനം അനുവദിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലാണ്.

Previous ArticleNext Article