പത്തനംതിട്ട:മണ്ഡലപൂജക്കായി ശബരിമല നട നാളെ വൈകീട്ട് തുറക്കും.യുവതീ പ്രവേശന വിധിക്ക് സ്‌റ്റേ ഇല്ലെങ്കിലും കഴിഞ്ഞ വര്‍ഷം ഒരുക്കിയതു പോലുള്ള കനത്ത സുരക്ഷ ഇത്തവണ വേണ്ടെന്നാണ് പൊലീസ് തീരുമാനം.എന്നാല്‍ ക്രമസമാധാനപ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ക്രമീകരണങ്ങളില്‍ മാറ്റം വരുത്തും.ഇന്നലെ ശബരിമല വിധി പുനഃപരിശോധിക്കാന്‍ തീരുമാനം വന്നെങ്കിലും യുവതീ പ്രവേശന വിധി സ്‌റ്റേ ചെയ്തിട്ടില്ല.ഇതിനകം മുപ്പതിലേറെ യുവതികള്‍ ദര്‍ശനത്തിനായി ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തിട്ടുണ്ട്.രജിസ്റ്റര്‍ ചെയ്തവരെല്ലാം എത്താന്‍ സാധ്യതയില്ലെന്നാണ് പൊലീസ് കരുതുന്നത്. യുവതികളെത്തിയാല്‍ സംരക്ഷണം നല്‍കാന്‍ പൊലീസ് തയ്യാറാകില്ല.യുവതീ പ്രവശേന വിധി വന്നതിന് പിന്നാലെ സന്നിധാനത്ത് വനിതാ പൊലീസിനെ അടക്കം വിന്യസിച്ചായിരുന്നു കഴിഞ്ഞ സീസണില്‍ ശബരിമലയിലെ പൊലീസ് സുരക്ഷ. സന്നിധാനത്തും പമ്പയിലും രണ്ട് ഐജിമാരുടെ നേതൃത്വത്തില്‍ എസ്പി മാരെ അണിനിരത്തി വന്‍ ക്രമീകരണം ഒരുക്കിയെങ്കിലും വലിയ രീതിയിലുള്ള സംഘര്‍ഷമാണ് ഉണ്ടായത്. പുനപരിശോധന വിധി വന്നതോടെ സര്‍ക്കാര്‍ യുവതീ പ്രവേശനത്തില്‍ നിലപാട് കടുപ്പിച്ചിട്ടില്ല. അതിനാല്‍ പമ്പയിലും സന്നിധാനത്തും നിലക്കലും ചുമതല മൂന്ന് എസ്പിമാരുടെ നേതൃത്വത്തിലാണ്. വനിതാ പൊലീസ് അടക്കം 10,017 പൊലീസുകാരെ വിന്യസിക്കും.കഴിഞ്ഞ തവണ യുവതികളെത്തിയാല്‍ തടയാന്‍ ഹിന്ദു സംഘടനകള്‍ വിവിധ ജില്ലകളില്‍ നിന്നും പ്രവര്‍ത്തകരെ നിശ്ചയിച്ച് കൊണ്ടുവന്നിരുന്നു. ഇത്തവണ ഇതുവരെ അത്തരം നീക്കങ്ങളുണ്ടായില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.