ശബരിമല:ചിത്തിരയാട്ടത്തിനായി ശബരിമല നട ഇന്ന് തുറക്കും.സംഘർഷ സാധ്യത കണക്കിലെടുത്ത് പോലീസ് സുരക്ഷ കർശനമാക്കിയിട്ടുണ്ട്.അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ 20 കിലോമീറ്റര്‍ മുന്‍പു മുതല്‍ പൊലീസ് കാവല്‍ അതിശക്തമായിത്തന്നെ സജ്ജീകരിച്ചിട്ടുണ്ട്. സന്നിധാനത്ത് ആറുമേഖലകളിലായി 3000 പൊലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്.ശബരിമലയില്‍ യുവതീപ്രവേശം തടയാന്‍ അൻപത് വയസ്സിന് മുകളില്‍ പ്രായമുള്ള സ്ത്രീകളെ അണിനിരത്തി പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന് പൊലീസ് രഹസ്യാന്വേഷണവിഭാഗം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. വിശ്വാസത്തെ വ്രണപ്പെടുത്തുന്നതിന് ബോധപൂര്‍വമെത്തുന്ന യുവതികളെ കടത്തിവിടില്ലെന്നും തുലാമാസ പൂജാസമയത്തുണ്ടായ ഭക്തരുടെ വാഹനപരിശോധനയും പ്രതിഷേധവും അനുവദിക്കില്ലെന്ന നിലപാടിലുമാണ് പൊലീസ്. ഇരുമുടിക്കെട്ടില്ലാതെ വരുന്നവരെ പ്രത്യേകം പരിശോധിച്ചേ മലകയറാന്‍ അനുവദിക്കൂ. ദര്‍ശനത്തിന് വരുന്നവരുടെ കൈയില്‍ ഏതെങ്കിലും ഐഡികാര്‍ഡുകള്‍ അത്യാവശ്യമാണ്.അതേസമയം ശബരിമലയുടെ ചരിത്രത്തില്‍ ആദ്യമായി വനിതാ പൊലീസ് സംഘം സന്നിധാനത്തെത്തി. 50 വയസ്സ് പിന്നിട്ട 15 പേരടങ്ങിയ സംഘമാണ് സന്നിധാനത്തെത്തിയത്. സ്ത്രീകള്‍ എത്തിയാല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ നല്‍കാനാണ് വനിതാ പൊലീസ് സംഘത്തെ നിയോഗിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.സിഐ- എസ്‌ഐ റാങ്കിലുളള വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് ചുമതല ലഭിച്ചിരിക്കുന്നത്. ഇന്നലെ തന്നെ വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ പമ്ബയിലെത്തിയിരുന്നു. ഇന്ന് രാവിലെയാണ് അവര്‍ സന്നിധാനത്തേക്ക് എത്തിയത്.