Kerala, News

ശബരിമല സംഘർഷം;ഇതുവരെ 1407 പേർ അറസ്റ്റിൽ;നാളെ ബിജെപിയുടെ സ്റ്റേഷൻ മാർച്ച്

keralanews sabarimala conflict 1407persons arrested bjp station march tomorrow

പത്തനംതിട്ട:ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനെതിരെ നടന്ന പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ സംസ്ഥാനത്ത് 1407 പേർ അറസ്റ്റിലായി.ശബരിമല സംഘർഷവുമായി ബന്ധപ്പെട്ട് ഇതുവരെ 258 കേസുകളും രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. ശബരിമലയിൽ അക്രമം നടത്തിയവരെന്ന് പൊലീസ് തിരിച്ചറിഞ്ഞ 210 പേരുടെ ചിത്രങ്ങളടങ്ങിയ ലുക്ക് ഔട്ട് നോട്ടീസ് ഇന്നലെ പൊലീസ് പുറത്തുവിട്ടിരുന്നു. ഇതിൽ 160 പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അവരില്‍  പലരും അറസ്റ്റിലായി.ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റിലായത് പത്തനംതിട്ട ജില്ലയിലാണ്. തിരുവനന്തപുരം റെയ്ഞ്ചിൽ ഇതുവരെ 236 പേർ അറസ്റ്റിലായി. ഇവരിൽ പലർക്കും ജാമ്യം കിട്ടിയിട്ടുണ്ട്. ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിന് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി റിമാന്‍ഡ് ചെയ്തവരുടെ പട്ടിക പൊലീസ് ഉടൻ പുറത്തുവിടും.കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാനായി എല്ലാ ജില്ലയിലും പ്രത്യേകസംഘത്തെ നിയോഗിക്കാനും റെയില്‍വെ സ്റ്റേഷനിലടക്കം ലുക്കൗട്ട് നോട്ടിസ് പതിപ്പിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.  അതേസമയം കൂട്ടഅറസ്റ്റിൽ പ്രതിഷേധിച്ച് പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ നാളെ മാര്‍ച്ച്‌ നടത്തുമെന്ന് ബിജെപി വ്യക്തമാക്കി. കൂടാതെ പോലീസിന്റെ നടപടിക്കെതിരായി കോടതിയെ സമീപിക്കാനും ബിജെപി തീരുമാനിച്ചു.ശബരിമല സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ആകെ 146 കേസുകളിലായി കണ്ടാലറിയാവുന്ന രണ്ടായിരത്തോളം പേര്‍ക്കെതിരെയാണു കേസെടുത്തിരിക്കുന്നത്.തുലാമാസപൂജ സമയത്തുണ്ടായ അതിക്രമങ്ങള്‍ മണ്ഡലകാലത്ത് ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്നറിയിപ്പെന്ന നിലയില്‍ പരമാവധി പേരെ അറസ്റ്റ് ചെയ്യുകയെന്ന നിര്‍ദ്ദേശമാണ് ഡിജിപി നല്‍കിയിരിക്കുന്നത്.

Previous ArticleNext Article