Kerala, News

ശബരിമല യുവതീ പ്രവേശനം;സംസ്ഥാനത്ത് വ്യാപക പ്രതിഷേധം;പലയിടത്തും പ്രതിഷേധം അക്രമാസക്തമായി

keralanews sabarimal woman entry wide protest in the state and protest become violent in many places

തിരുവനന്തപുരം:ശബരിമല യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ വ്യാപക പ്രതിഷേധം.ശബരിമല കര്‍മസമിതിയുടെയും ബിജെപിയുടെയും പ്രവർത്തകരാണ് പ്രതിഷേധം നടത്തുന്നത്.പലയിടത്തും പ്രതിഷേധം അക്രമാസക്തമായി. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നടത്തിയ മാര്‍ച്ചില്‍ വ്യാപക അക്രമം അരങ്ങേറി. അക്രമസക്തരായ പ്രതിഷേധക്കാര്‍ മാധ്യമ പ്രവര്‍ത്തകരെ അടക്കം ആക്രമിച്ചു. ദൃശ്യങ്ങളെടുക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ അക്രമമുണ്ടായി. കാമറകള്‍ പിടിച്ചുവാങ്ങി നശിപ്പിച്ചു. യുവതികള്‍ ഉള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കു പരിക്കേറ്റു. റോഡ് അരികിലെ ഫ്ളക്സ്ബോര്‍ഡുകള്‍ തകര്‍ത്തു. സെക്രട്ടറിയേറ്റിലേക്ക് അതിക്രമിച്ചുകയറിയ നാല് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലത്തും മാധ്യമപ്രവര്‍ത്തകര്‍ക്കു മര്‍ദനം ഉണ്ടായി. മാവേലിക്കര താലൂക്ക് ഓഫീസിലെ കസേരകള്‍ തകര്‍ത്തു.കൊല്ലത്ത് മനോരമയുടെ ഫോട്ടോഗ്രാഫര്‍ വിഷണു സനലിന് ആക്രമണത്തില്‍ പരിക്കേറ്റു. കൊച്ചിയില്‍ കച്ചേരിപ്പടിയില്‍ ബിജെപി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയാണ്. തിരുവനന്തപുരം കള്ളിക്കാട് റോഡില്‍ കിടന്ന പ്രവര്‍‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. നെയ്യാറ്റിന്‍കര ആലുംമൂട്ടിലും പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. സെക്രട്ടറിയേറ്റിന് മുന്നില്‍ ബിജെപി സമരപ്പന്തലിനു മുന്നില്‍ സംഘര്‍ഷാവസ്ഥയുണ്ട്. ഇവിടെ നൂറിലേറെ പ്രതിഷേധക്കാര്‍ തടിച്ചുകൂടുകയും പ്രതിഷേധപ്രകടനം നടത്തുകയും ചെയ്തു.
ഗുരുവായൂരില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കടകംപള്ളി സുരേന്ദ്രനു നേരെ കരിങ്കൊടി കാട്ടുകയും വാഹനം തടയുകയും ചെയ്തു. പൊലീസ് ഇടപെട്ടാണ് മന്ത്രിയുടെ വാഹനം കടത്തിവിട്ടത്. കണ്ണൂര്‍ ഇരിട്ടിയില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരെയും പ്രതിഷേധം ഉയര്‍ന്നു. പത്തനംതിട്ട തിരുവല്ലയില്‍ എംസി റോഡ് ഉപരോധിച്ച കര്‍മ്മസമിതി കടകള്‍ ബലം പ്രയോഗിച്ച്‌ അടപ്പിച്ചു. പ്രതിഷേധ പ്രകടനം നടത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മല്ലപ്പള്ളിയിലും കടകള്‍ നിര്‍ബന്ധപൂര്‍വ്വം അടപ്പിക്കുകയും വാഹനങ്ങള്‍ തടയുകയും റോഡ് ബ്ലോക്ക് ചെയ്യുകയും ചെയ്തതോടെ ഹര്‍ത്താലിന് സമാനമായ സാഹചര്യമായിരുന്നു പത്തനംതിട്ടയില്‍ സൃഷ്ടിച്ചത്.ചടയമംഗലത്ത് എംസി റോഡ് പ്രതിഷേധക്കാര്‍ ഉപരോധിച്ചതിനെ തുടര്‍ന്ന് വലിയ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. കൊട്ടാരക്കരയില്‍ ബിജെപി പ്രവര്‍ത്തകര്‍ ബലംപ്രയോഗിച്ച്‌ കട അടപ്പിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ വഴിപാട് കൗണ്ടര്‍ ബലംപ്രയോഗിച്ച്‌ അടപ്പിച്ചു. കൊല്ലം നഗരത്തില്‍ പ്രതിഷേധപ്രകടത്തിനിടെ പ്രതിഷേധക്കാര്‍ ബസ് യാത്രക്കാരനെ മര്‍ദ്ദിച്ചു.സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കാസര്‍കോട്-മംഗളൂരു ദേശീയ പാത ഉപരോധിച്ചതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു.

Previous ArticleNext Article