
കണ്ണൂർ:എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേത അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പോലീസ് പിടിയിലായി.എസ്ഡിപിഐ മട്ടന്നൂര്‍ ഏരിയാ പ്രസിഡണ്ട് ഹനീഫ ആണ് പിടിയിലായത്.കേസിനോടനുബന്ധിച്ച് കഴിഞ്ഞ ദിവസം തലശ്ശേരിയിലെ സജിവ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ ചാലില്‍ ഗാര്‍ഡന്‍സ് റോഡിലെ സെയ്ന്‍ വീട്ടില്‍ ഷാനവാസിനെ (37) അറസ്റ്റ് ചെയ്ത് ഏറണാകുളത്തേക്ക് കൊണ്ടുപോയിരുന്നു. ഷാനവാസില്‍ നിന്നും സൂചന ലഭിച്ചതിനെ തുടര്‍ന്ന് ഹനീഫയെ മട്ടന്നൂര്‍ സ്റ്റേഷനില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. പിന്നീട് തലശ്ശേരിയില്‍ എത്തിച്ച ശേഷം എറണാകുളം പൊലീസും ചോദ്യം ചെയ്തു. ഇയാളുടെ മുന്‍കരുതല്‍ അറസ്റ്റ് രേഖപ്പെടുത്തി. ആവശ്യപ്പെട്ടാല്‍ എത്തണമെന്ന നിബന്ധനയില്‍ വിട്ടയക്കുകയായിരുന്നു.ഇയാൾ പൊലീസ് നിരീക്ഷണത്തിലാണ്. അഭിമന്യുവിനെ കോളേജ് ക്യാമ്പസ്സിൽ കുത്തിക്കൊന്ന കൊലയാളി സംഘത്തിലെ പ്രധാനികളില്‍ ചിലര്‍ കണ്ണുര്‍, തലശ്ശേരി ഭാഗത്തേക്ക് രക്ഷപ്പെട്ടതായി കൃത്യമായി സൂചനകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതില്‍ ഒരാളെ സംഘടനയുടെ ഒളിത്താവളത്തിലെത്തിച്ചത് തലശ്ശേരിയിലെ ഷാനവാസാണെന്ന് തിരിച്ചറിഞ്ഞതിനാലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.