ബെംഗളൂരു: കേരളത്തില്‍ നിന്നുള്ളവർക്ക് കര്‍ണാടകത്തിലേക്ക് പ്രവേശിക്കാന്‍ ഇനി ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിര്‍ബന്ധമില്ല.ഇതു സംബന്ധിച്ച് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിറക്കി.കേരളം, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് നിലവില്‍ കര്‍ണാടകയില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന ഫലം നിര്‍ബന്ധമാക്കിയിരുന്നത്. ഈ രണ്ടു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും ഇനി ആര്‍.ടി.പി.സി.ആര്‍ പരിശോധന ഫലം ആവശ്യമില്ലെന്ന് കര്‍ണാടക സര്‍ക്കാരിന്റെ ഉത്തരവില്‍ വ്യക്തമാക്കി. എന്നാൽ സംസ്ഥാനത്തേക്ക് പ്രവേശിക്കാൻ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റ് നിർബന്ധമാണ്.നേരത്തെ മഹാരാഷ്‌ട്രയിൽ നിന്നുള്ളവർക്ക് ആർടിപിസിആർ നെഗറ്റീവ് ഫലം ഒഴിവാക്കിയിട്ടും കേരളത്തിൽ നിന്നുള്ളവർക്ക് ഒഴിവാക്കിയിരുന്നില്ല. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് പത്തിൽ താഴെ എത്തിയാൽ മാത്രമേ സർട്ടിഫിക്കറ്റ് നിബന്ധന ഒഴിവാക്കൂവെന്ന് കർണാടക സർക്കാർ വ്യക്തമാക്കിയിരുന്നു.