Kerala, News

ആലപ്പുഴ വയലാറിൽ ആർ എസ് എസ് പ്രവർത്തകൻ കൊല്ലപ്പെട്ടു;ആറ് എസ്ഡിപിഐ പ്രവർത്തകർ പിടിയിൽ

keralanews rss worker killed in alappuzha vayalar six sdpi activists arrested

ആലപ്പുഴ:വയലാറില്‍ ആര്‍.എസ്.എസ്-എസ്.ഡി.പി.ഐ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.ആര്‍.എസ്.എസ് പ്രവര്‍ത്തകനായ നന്ദു കൃഷ്ണയാണ്(22) കൊല്ലപ്പെട്ടത്. സംഘര്‍ഷത്തില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ഇന്നലെ രാത്രി എട്ട് മണിയോടെ നാഗംകുളങ്ങര കവലയിലാണ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്.ഉച്ചക്ക് എസ്.ഡി.പി.ഐ പ്രചരണ ജാഥക്കിടെ പ്രസംഗത്തിലെ പരാമര്‍ശങ്ങളുടെ പേരില്‍ ഇരുവിഭാഗവും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ പേരില്‍ വൈകിട്ട് എസ്.ഡി.പി.ഐയും ആര്‍.എസ്.എസും പ്രതിഷേധ പ്രകടനവും നടത്തി. സ്ഥലത്ത് ചേര്‍ത്തല പൊലീസ് കാവല്‍ ഉണ്ടായിരുന്നു. പ്രകടനങ്ങള്‍ക്കു ശേഷം പിരിഞ്ഞു പോയ പ്രവര്‍ത്തകര്‍ തമ്മില്‍ വീണ്ടും സംഘര്‍ഷമുണ്ടാകുകയായിരുന്നു. പൊലിസ് നോക്കി നില്‍ക്കെയാണ് സംഘര്‍ഷവും ആക്രമണവും. ഇരുവിഭാഗവും തമ്മില്‍ കല്ലേറും കൂട്ടത്തല്ലുമുണ്ടായി. സംഘര്‍ഷത്തിനിടെയാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്. സംഘര്‍ഷത്തില്‍ പരിക്കേറ്റ മറ്റുള്ളവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കും മൂന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് വയലാറില്‍ പൊലിസിനെ വിന്യസിച്ചിരിക്കുകയാണ്. സംഭവത്തിൽ പ്രതിഷേധിച്ച് ആലപ്പുഴയില്‍ ഇന്ന് ആര്‍.എസ്.എസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍ നടത്തുകയെന്ന് ബി.ജെ.പി ആലപ്പുഴ ജില്ല പ്രസിഡന്റ് എം.വി. ഗോപകുമാര്‍ അറിയിച്ചു.അതേസമയം കൊലപാതകവുമായി ബന്ധപ്പെട്ട് ആറ് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയിലായി.റിയാസ്, നിഷാദ്, അനസ്, അബ്ദുല്‍ ഖാദര്‍, അന്‍സില്‍, സുനീര്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് കസ്റ്റഡിയിലായതെന്നാണ് റിപ്പോര്‍ട്ട്. കണ്ടാല്‍ അറിയാവുന്ന 16 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലിസ് അറിയിച്ചു.

Previous ArticleNext Article