ന്യൂഡൽഹി: ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തു നിന്നും കഴിഞ്ഞ ദിവസം 21,000 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടിയ സംഭവത്തിന് പിന്നില്‍ താലിബാന് പങ്കുള്ളതായി സംശയം. ഇക്കാര്യം അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നു. മയക്കുമരുന്ന് പിടിച്ച സംഭവത്തില്‍ നാല് അഫ്ഗാന്‍ പൗരന്മാര്‍ അടക്കം എട്ടു പേര്‍ അറസ്റ്റിലായിരുന്നു. കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അറസ്റ്റിലായവരില്‍ മൂന്ന് ഇന്ത്യക്കാരും ഒരു ഉസ്ബക്കിസ്ഥാന്‍ പൗരനുമുണ്ട്. അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തതിനു പിന്നാലെയാണ് വന്‍തോതില്‍ ലഹരിമരുന്ന് ശേഖരം ഇന്ത്യയിലേക്കു കടത്തിയത് എന്നതാണ് സംശയം ബലപ്പെടുത്തുന്നത്. താലിബാന്‍ ബന്ധം സംശയിക്കുന്നതിനാല്‍ കേസ് ഏറ്റെടുക്കുന്നതു ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) പരിഗണനയിലുണ്ട്. ഹെറോയിന്‍ വില്‍പനയില്‍ നിന്നു ലഭിക്കുന്ന പണം ഭീകരവാദത്തിന് ഉപയോഗിക്കാന്‍ ലക്ഷ്യമിട്ടിരുന്നോ എന്ന കാര്യവും പരിശോധിക്കും. രാജ്യം കണ്ട എക്കാലത്തെയും വലിയ മയക്കുമരുന്ന് വേട്ടയാണ് കഴിഞ്ഞ ആഴ്ച ഗുജറാത്ത് ഖച്ച് ജില്ലയിലെ മുന്ദ്രാ തുറമുഖത്ത് നടന്നത്.രണ്ട് കണ്ടെയ്‌നറുകളിലായി എത്തിയ 3000 കിലോ ഹെറോയിനാണ് പിടിച്ചത്. പതിവ് പരിശോധനയിലാണ് കണ്ടെയ്‌നറുകളില്‍ ലഹരി മരുന്നാണെന്ന് കണ്ടെത്തിയത്. ഇറക്കുമതിക്ക് വിജയവാഡയിലെ വിലാസം വച്ച ശേഷം മുന്ദ്ര തുറമുഖത്ത് എത്തിക്കുന്ന കണ്ടെയ്‌നറുകള്‍ അവിടെ നിന്ന് നേരിട്ട് മറ്റിടങ്ങളിലേക്ക് കൊണ്ടുപോവുകയാണെന്നാണ് സൂചന. ജൂണ്‍ 21ന് ഇതേ സംഘം സമാനരീതിയില്‍ കണ്ടെയ്‌നറില്‍ സാധനങ്ങള്‍ എത്തിച്ചിരുന്നു. ടാല്‍ക്കം പൗഡര്‍ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. വിജയവാഡയിലേക്ക് ഇറക്കുമതി ചെയ്ത ലോഡ് ഡല്‍ഹിയിലേക്കാണ് പോയതെന്നാണ് വിവരം. ഇപ്പോള്‍ പിടിച്ച ലോഡും ഡല്‍ഹിക്ക് അയയ്ക്കാനാണു പദ്ധതിയിട്ടിരുന്നതത്രെ.കണ്ടെയ്‌നര്‍ ഇറക്കുമതി ചെയ്ത വിജയവാഡയിലെ ആഷി ട്രേഡിങ് കമ്ബനിയുടെ ഉടമസ്ഥരായ സുധാകര്‍, ഭാര്യ വൈശാലി എന്നിവരെ ചെന്നൈയില്‍നിന്നു കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പിടിച്ചെടുത്ത ഹെറോയിന് രാജ്യാന്തര വിപണിയില്‍ കിലോഗ്രാമിന് 7 കോടി രൂപ വരെ വിലയുണ്ട്. നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്നിവയും അന്വേഷണം ആരംഭിച്ചു.