Kerala, News

മാഹിയില്‍ കോവിഡ്-19 രോഗ ബാധ സ്ഥിരീകരിച്ചയാള്‍ സഞ്ചരിച്ച സ്ഥലങ്ങളുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു

keralanews route map of man identified with corona virus in mahe released

കോഴിക്കോട്: മാഹിയില്‍ കോവിഡ്-19 രോഗ ബാധ സ്ഥിരീകരിച്ചയാള്‍ സഞ്ചരിച്ച സ്ഥലങ്ങളുടെ റൂട്ട് മാപ് പുറത്തുവിട്ടു.മാര്‍ച്ച്‌ 13 ആം തിയതി അബുദാബിയില്‍ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മാഹി സ്വദേശി അതേദിവസം പോയ ഒന്‍പത് സ്ഥലങ്ങളടങ്ങിയ റൂട്ട് മാപ്പ് ആണ് പുറത്തുവിട്ടിരിക്കുന്നത്.മാര്‍ച്ച്‌ 13ന് ഇത്തിഹാദ് എയര്‍വെയ്‌സ് EY 250 (3.20 am) വിമാനത്തില്‍ കരിപ്പൂരെത്തിയ ഇയാൾ രാവിലെ 6.20 മുതല്‍ 6.50 വരെ വടകര അടക്കാത്തെരുവിലെ ഇന്ത്യന്‍ കോഫി ഹൗസില്‍ ഭക്ഷണം കഴിക്കാനായി പോയി. ഇവിടെനിന്ന് 7 മണിക്ക് മാഹി ജനറല്‍ ആശുപത്രിയിലെത്തി.രാവിലെ 7.30ന് പള്ളൂരിലെ വീട്ടിലേക്ക് ആംബുലന്‍സില്‍ എത്തി. ഇതേദിവസം തന്നെ വൈകുന്നേരം 3.30ന് ഇയാളെ മാഹിയില്‍ നിന്നും കോഴിക്കോട് ബീച്ച്‌ ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ എത്തിച്ചു.ബീച്ചാശുപത്രിയില്‍ അഡ്മിറ്റാകാന്‍ വിസമ്മതിച്ച ഇയാള്‍ ബഹളമുണ്ടാക്കി തിരിച്ചുപോയി. ഓട്ടോയില്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലേക്കെത്തി.നാലാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിന്നും മംഗള എക്സപ്രസില്‍ കോഴിക്കോട് മുതല്‍ തലശ്ശേരി വരെയാണ് രോഗിയും കൂട്ടരും യാത്ര ചെയ്തത്. തലശ്ശേരിയില്‍ ഇറങ്ങിയ ഇവര്‍ ഓട്ടോയില്‍ വീട്ടിലേക്കെത്തി.സംഭവം പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് രോഗിയെ വീണ്ടും മാഹി ആശുപത്രിയിലെത്തിച്ചു.രോഗം സ്ഥിരീകരിച്ച വ്യക്തിയും കൂടെയുള്ള രണ്ടുപേരും യാത്രയില്‍ മാസ്‌ക് ധരിച്ചിരുന്നു. ഇയാള്‍ യാത്രചെയ്ത ഫ്‌ളൈറ്റുകളില്‍ സഞ്ചരിച്ചവരും പ്രസ്തുത തീയതിയിലെ നിശ്ചിത സമയത്ത് ഈ സ്ഥലങ്ങളില്‍ ഉണ്ടായിരുന്നവരും രോഗ ലക്ഷണമുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇത്തിഹാദ് എയര്‍വെയ്‌സ് EY 250 ഫ്‌ലൈറ്റിലെ യാത്രക്കാര്‍ കര്‍ശനമായും വീടുകളില്‍ തന്നെ കഴിയണമെന്നും, പൊതുജനങ്ങളുമായുള്ള സമ്പർക്കം പൂര്‍ണ്ണമായി ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. മറ്റു ജില്ലകളിലെ യാത്രക്കാര്‍ അതാത് ജില്ലാ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടേണ്ടതാണ്.

Previous ArticleNext Article