കോഴിക്കോട്:പാഴൂരിൽ നിപ്പ വൈറസ് ബാധയെ തുടർന്ന് മരിച്ച പന്ത്രണ്ടുവയസ്സുകാരന്റെ റൂട്ട് മാപ് ആരോഗ്യവിഭാഗം പുറത്തുവിട്ടു. ആഗസ്റ്റ് 27ന് വെള്ളിയാഴ്ച വൈകീട്ട് അഞ്ചിനും 5.30നുമിടയില്‍ പാഴൂരില്‍ അയല്പക്കത്തെ കുട്ടികള്‍ക്കൊപ്പം കളിച്ച കുട്ടി 28ന് മുഴുവന്‍ വീട്ടിലായിരുന്നു. 29ന് ഞായറാഴ്ച രാവിലെ 8.30നും 8.45നുമിടയില്‍ ഓട്ടോയില്‍ എരഞ്ഞിമാവില്‍ ഡോ. മുഹമ്മദിന്റെ സെന്‍ട്രല്‍ ക്ലിനിക്കിലെത്തി. രാവിലെ ഒൻപത് മണിക്ക് ഓട്ടോയില്‍ തിരിച്ച് വീട്ടിലെത്തി. 30ന് വീട്ടിലായിരുന്നു. 31ന് ചൊവ്വാഴ്ച രാവിലെ 9.58നും 10.30നുമിടയില്‍ അമ്മാവന്റെ ഓട്ടോയില്‍ മുക്കം ഇ.എം.എസ് ആശുപത്രിയില്‍ എത്തി. അന്ന് 10.30നും 12നുമിടയില്‍ അതേ ഓട്ടോയില്‍ ഓമശ്ശേരി ശാന്തി ആശുപത്രിയിലെത്തി. ഒരുമണിക്ക് ആംബുലൻസിൽ കോഴിക്കോട് മെഡിക്കല്‍ കോളജില്‍. സെപ്തംബർ ഒന്നിന് ബുധനാഴ്ച രാവിലെ 11ന് ആംബുലന്‍സില്‍ കോഴിക്കോട് മിംസ് ആശുപത്രി ഐ.സി.യുവില്‍ എത്തി.
അതേസമയം മുഹമ്മദ് ഹാഷിമിെന്റ മാതാപിതാക്കളെയും പിതൃസഹോദരനെയും ശരീരവേദനയും അസ്വാസ്ഥ്യവും തോന്നിയതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്. ഞായറാഴ്ച വൈകീട്ടോടെയാണ് ഇവരെ ആശുപത്രിയിലേക്കു മാറ്റിയത്.നിരീക്ഷണത്തിലുള്ളവരെ തിങ്കളാഴ്ച കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജില്‍ ട്രൂനാറ്റ് പരിശോധന നടത്തും. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ഇതിനായി സംഘമെത്തി ലാബ് സജ്ജീകരിക്കും. ഇതില്‍ പോസിറ്റിവാണെന്ന് കണ്ടെത്തിയാല്‍ പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കണ്ഫര്മേറ്റിവ് പരിശോധന നടത്തും. 12 മണിക്കൂറിനുള്ളില്‍ ഈ ഫലം ലഭ്യമാക്കാമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.