കണ്ണൂർ:കെഎസ്ഇബി നടപ്പാക്കുന്ന പുരപ്പുറസൗരോർജ്ജ പദ്ധതിയിൽ ജില്ലയിൽ നിന്നും 12000 അപേക്ഷകർ. ദ്യഘട്ടത്തിൽ പ്രതീക്ഷിക്കുന്നത് 30 മെഗാവാട്ട് വൈദ്യുതി ഉത്പാദനമാണ് ജില്ലയിൽ നിന്നും പ്രതീക്ഷിക്കുന്നത്.ബോർഡിന്റെ ഓവർസിയർമാരുടെ നേതൃത്വത്തിലുള്ള സംഘം അപേക്ഷകരുടെ കെട്ടിടങ്ങൾ സന്ദർശിച്ച് റിപ്പോർട്ട് നൽകി.വീടുകളുടെയും മറ്റ് കെട്ടിടങ്ങളുടെയും മുകളിൽ കെഎസ്ഇബി നേരിട്ട് സൗരോർജ പാനൽ സ്ഥാപിക്കുകയും വൈദ്യുതി ഉത്പാദിപ്പിക്കുകയും ചെയ്യുന്ന ‘സൗര’ എന്ന പദ്ധതിയാണിത്.അപേക്ഷകരുടെ വീടുകളിൽ നടത്തിയ സാധ്യതാ പഠനത്തിന്റെ അടിസ്ഥാനത്തിൽ നാല് ഗ്രേഡുകളായി തിരിച്ചാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്.കെട്ടിടത്തിന്റെ ചരിവ്,ഗതാഗത സൗകര്യം,ടെറസ്സിൽ കയറാനുള്ള സൗകര്യം,തൊട്ടടുത്ത് തണൽ മരങ്ങളുടെ സാന്നിധ്യം തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ചാണ് ഗ്രേഡ് തീരുമാനിക്കുന്നത്.തണലുണ്ടെങ്കിൽ പദ്ധതി ഫലപ്രദമാകില്ല.സിംഗിൾ ഫേസ് ലൈനുള്ള വീടുകളിൽ ഒന്നുമുതൽ നാലുവരെ കിലോവാട്ട് സൗരോർജ പാനലാണ് സ്ഥാപിക്കുക.ത്രീ ഫേസ് ലൈനാണെങ്കിൽ 10 കിലോവാട്ട് വരെയാകും പരിധി.ചുരുങ്ങിയത് 15-16 യൂണിറ്റ് വൈദ്യുതി ഓരോ പുരപ്പുറത്തു നിന്നും ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ.അതേസമയം സ്വന്ത ചിലവിൽ പാനൽ സ്ഥാപിക്കുകയും മറ്റ് സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യുന്നവർക്ക് ആവശ്യമെങ്കിൽ വൈദ്യുതി മുഴുവൻ എടുക്കാം.ബാക്കി ഉണ്ടെങ്കിൽ വൈദ്യുതി ബോർഡ് വാങ്ങും.ഇതിനായി ബോർഡിന്റെ പ്രത്യേക മീറ്റർ സ്ഥാപിക്കും. ബോർഡിന്റെ വൈദ്യുതി ഉപയോഗിക്കുന്നതും ബോർഡിന് നൽകുന്ന വൈദ്യുതിയുടെ കണക്കും പ്രത്യേകം മീറ്ററിൽ രേഖപ്പെടുത്തും.ബോർഡിന് നൽകുന്ന വൈദ്യുതിക്ക് റെഗുലേറ്ററി കമ്മീഷൻ നിശ്ചയിക്കുന്ന വില നൽകും.അതേസമയം ബോർഡിന്റെ ചെലവിലാണ് പാനൽ സ്ഥാപിക്കുന്നതെങ്കിൽ പത്തു ശതമാനം വൈദ്യുതി വാടകയെന്ന നിലയിൽ ഗുണഭോക്താവിന് എടുക്കാം.ബാക്കി ബോർഡിന് അവകാശപ്പെട്ടതായിരിക്കും.ജില്ലയിൽ നിന്നും ആദ്യഘട്ടത്തിൽ പതിനായിരത്തോളം പേരുടെ അപേക്ഷ സ്വീകരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് കെഎസ്ഇബി അധികൃതർ പറഞ്ഞു.