കണ്ണൂർ:കണ്ണൂരിൽ രണ്ടിടങ്ങളിൽ വീടുകൾ കുത്തിത്തുറന്ന് മോഷണം.പരിയാരം കോരൻപീടികയിൽ മുത്തപ്പൻ ക്ഷേത്രത്തിനു സമീപം ആമിന മൻസിലിൽ സൈനുൽ ആബിദിന്റെ വീട് കുത്തിത്തുറന്ന് 15 പവൻ സ്വർണ്ണവും 50000 രൂപയും കവർന്നു.തിങ്കളാഴ്ച്ച രാത്രിയാണ് കവർച്ച നടന്നത്.വീടിനു പുറകുവശത്തെ വാതിലും ഗ്രിൽസും പൊളിച്ചാണ് മോഷ്ട്ടാക്കൾ അകത്തുകടന്നത്.അകത്തെ ഷെൽഫിൽ സൂക്ഷിച്ച പണവും സ്വർണ്ണവുമാണ് കവർന്നത്.കുറച്ചുനാളായി ആബിദും കുടുംബവും പിതാവിന്റെ വീട്ടിലായിരുന്നു താമസം. വീടിന്റെ അറ്റകുറ്റപ്പണികൾക്കായി തിങ്കളാഴ്ച്ച മറുനാടൻ തൊഴിലാളികൾ ഇവിടെ ജോലി ചെയ്തിരുന്നു.ഇവർ പണികഴിഞ്ഞ് പോയശേഷം വീട്ടുകാർ വീടുപൂട്ടി പോയി.ചൊവ്വാഴ്ച രാവിലെ വീട്ടിൽ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്.ഉടനെ പോലീസിൽ വിവരമറിയിച്ചു.കണ്ണൂരിൽ നിന്നും ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
കണ്ണൂർ താണയിലും പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് ഏകദേശം 20 പവൻ സ്വർണ്ണം മോഷ്ടിച്ചു. താണ മാണിക്കക്കാവിനു സമീപം ഇസ്താനയിൽ സാഹിറയുടെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാർ കുടുംബസമേതം ശനിയാഴ്ച ചങ്ങനാശ്ശേരിയിലെ സഹോദരിയുടെ വീട്ടിൽ പോയിരുന്നു.ഇവർ തിരിച്ചെത്തിയാൽ മാത്രമേ കവർച്ച ചെയ്യപ്പെട്ട സാധനങ്ങളുടെ കൃത്യമായ കണക്ക് ലഭിക്കുകയുള്ളൂ.ചങ്ങനാശ്ശേരിയിലേക്ക് പോകുന്നതിനു മുൻപായി വീട്ടുകാർ പെയിന്റിങ് നടത്തുന്ന ആളുടെ കൈവശം താക്കോൽ നൽകിയിരുന്നു.ഇയാൾ തിങ്കളാഴ്ച ഉച്ചയോടെ വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്ന കാര്യം അറിയുന്നത്.വാതിൽ വെട്ടിപ്പൊളിച്ചാണ് മോഷ്ട്ടാക്കൾ അകത്തുകടന്നിരിക്കുന്നത്.ജോലിക്കാർ വിവരമറിയിച്ചതിനെ തുടർന്ന് സിറ്റി പോലീസും വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാർഡും സ്ഥലത്തെത്തി പരിശോധന നടത്തി.ശനിയാഴ്ച രാത്രിയോ ഞായറാഴ്ച രാത്രിയോ ആകാം മോഷണം നടന്നതെന്ന നിഗമനത്തിലാണ് പോലീസ്.