കണ്ണൂർ:മാതൃഭൂമി ന്യൂസ് എഡിറ്റർ വിനോദ് ചന്ദ്രനെയും ഭാര്യയെയും കെട്ടിയിട്ട് കവർച്ച നടത്തിയ സംഭവത്തിൽ അന്വേഷണത്തിന്റെ ഭാഗമായി സൈബർ പോലീസ് വിദഗ്ദ്ധർ കണ്ണൂരിലെത്തി.ടവർഡംപ് ഉപയോഗിച്ചുള്ള ഡാറ്റ ശേഖരണം ആരംഭിച്ചു.സംഭവം നടക്കുന്ന സമയത്തും അതിനു മുൻപും ശേഷവും നിശ്ചിത ടവർ പരിധിയിൽ വന്ന എല്ലാ ഫോൺ കോളുകളും പരിശോധിക്കും.പ്രതികൾ വിനോദ് ചന്ദ്രന്റെ വീട്ടിൽ നിന്നും കവർച്ച ചെയ്ത മൊബൈൽ ഫോണുകൾ ഉപയോഗിച്ചതായ വിവരങ്ങൾ ഇല്ലെങ്കിലും ഇവർ സ്വന്തം ഫോണുകൾ ഉപയോഗിക്കാൻ സാധ്യതയുണ്ട്.സംഭവം നടന്ന ദിവസം കവർച്ചക്കാരിലൊരാൾ വണ്ടി വിളിച്ചതായും സംശയമുണ്ട്.അങ്ങനെയെങ്കിൽ ഈ നമ്പർ ടവർ ലൊക്കേഷനിൽ അറിയാൻ സാധിക്കും.കുറച്ചു നാളുകൾക്ക് മുൻപ് എറണാകുളത്ത് ബംഗ്ലാദേശ് സ്വദേശികൾ നടത്തിയ കവർച്ചയുടെ വിവരങ്ങൾ ഫോൺ ഡാറ്റ പരിശോധന വഴിയാണ് കണ്ടെത്തിയത്.ഈ പരിശോധനയ്ക്ക് നേതൃത്വം നൽകിയ സൈബർ പോലീസ് വിദഗ്ദ്ധർ തന്നെയാണ് കണ്ണൂരിലും എത്തിയിട്ടുള്ളത്.ചേലബ്ര ബാങ്ക് കവർച്ച കേസിൽ തുമ്പുണ്ടാക്കിയതും സൈബർ അന്വേഷണത്തിലൂടെയാണ്. കണ്ണൂരിലെ കവർച്ചയ്ക്ക് പിന്നിൽ ബംഗ്ലാദേശ് സംഘമാണെന്നാണ് പോലീസ് വിശ്വസിക്കുന്നത്.തൃപ്പൂണിത്തുറയിൽ നടന്ന കവർച്ചയ്ക്ക് സമാനമായ രീതിയിലാണ് കണ്ണൂരിലും കവർച്ച നടത്തിയിരിക്കുന്നത്.