മലപ്പുറം:മലപ്പുറം രാമപുരത്ത് കാനറാ ബാങ്ക് എടിഎം തകർത്ത് മോഷണ ശ്രമം.എടിഎം പൂർണ്ണമായും തകർത്തു.എന്നാൽ പണം നഷ്ടപ്പെട്ടിട്ടില്ല എന്നാണ് പ്രാഥമിക നിഗമനം.ബാങ്ക് അധികൃതർ എത്തി പരിശോധിച്ചാൽ മാത്രമേ പണം നഷ്ട്ടമായോ എന്ന് കൃത്യമായി മനസിലാക്കാൻ സാധിക്കുകയുള്ളൂ.കരിഓയിൽ തേച്ചാണ് കള്ളനെത്തിയത്.കറുത്ത സ്പ്രേ സിസിടിവി ക്യാമറയിൽ അടിച്ചെങ്കിലും മോഷണ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. വിദേശത്തു നടക്കുന്ന രീതിയിൽ വാഹനം കെട്ടിവലിച്ചു എടിഎം മെഷീൻ തന്നെ കടത്തിക്കൊണ്ടുപോയി പണം തട്ടാനാണ് ശ്രമം നടന്നിട്ടുള്ളതെന്ന നിഗമനത്തിലാണ് പോലീസ്. രാമപുരം-കടുങ്ങപുരം റോഡിൽ കരിമ്പനയ്ക്കൽ യൂസഫിന്റെ ഉടമസ്ഥതയിലുള്ള കരിമ്പനയ്ക്കൽ കോംപ്ലക്സിലാണ് എടിഎം പ്രവർത്തിക്കുന്നത്. ബുധനാഴ്ച പുലർച്ചെയാണ് കവർച്ച ശ്രമം നടന്നത് .രാവിലെ നടക്കാനിറങ്ങിയ നാട്ടുകാരാണ് എടിഎം കൗണ്ടറിനു മുൻപിൽ സാധനങ്ങൾ ചിതറിക്കിടക്കുന്നത് കണ്ടത്. ഇവർ കെട്ടിട ഉടമയെ വിവരം അറിയിച്ചതിനെ തുടർന്ന് അദ്ദേഹം പോലീസിൽ അറിയിക്കുകയും പോലീസ് എത്തി പരിശോധിച്ചാണ് കവർച്ച ശ്രമം നടന്നതായി കണ്ടെത്തിയത്.