തിരുവനന്തപുരം:തിരുവനന്തപുരത്ത് ജ്വല്ലറി ഉടമയുടെ കാര്‍ തടഞ്ഞ് അജ്ഞാതസംഘം 100 പവന്‍ സ്വര്‍ണം കവര്‍ന്നു.പോത്തന്‍കോട് പള്ളിപ്പുറം ടെക്നോസിറ്റി പ്രധാന കവാടത്തിന് മുന്നില്‍ വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. നെയ്യാറ്റിന്‍കര കേരള ഫാഷന്‍ ജ്വല്ലറി ഉടമ മഹാരാഷ്ട്ര സ്വദേശി സമ്പത്തിനെയും (47) കാര്‍ ഡ്രൈവര്‍ അരുണിനെയുമാണ് എട്ടംഗസംഘം ആക്രമിച്ചത്.രണ്ടുകാറുകളിലായെത്തിയ അക്രമിസംഘം ഇവരെ മുളകുപൊടിയെറിഞ്ഞ് വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം സ്വര്‍ണം കവരുകയായിരുന്നു.ജില്ലയിലെ ജ്വല്ലറികള്‍ക്ക് ആവശ്യമായ സ്വര്‍ണ ഉരുപ്പടികള്‍ നിര്‍മിച്ച് നല്‍കുന്ന മൊത്ത വ്യാപാരിയാണ് സമ്പത്ത്. കാറില്‍ ഒപ്പമുണ്ടായിരുന്ന ലക്ഷ്മണയെ സംഘം തട്ടിക്കൊണ്ടുപോയതായും പരാതിയുണ്ട്. കാറിലുള്ളവരെ വെട്ടിയശേഷം ഡ്രൈവര്‍ അരുണിനെ മര്‍ദിച്ച് അവശനാക്കി. തുടര്‍ന്ന് മോഷണസംഘം അവര്‍ വന്ന കാറില്‍ കയറ്റി അരുണിനെ വാവറയമ്പലം ജങ്ഷനുസമീപം ഉപേക്ഷിച്ചെന്നാണ് മൊഴി. അവിടെ നിന്ന് ഓട്ടോയിലാണ് അരുൺ മംഗലപുരം സ്‌റ്റേഷനില്‍ എത്തിയത്.ആറ്റിങ്ങല്‍ ഭാഗങ്ങളിലെ ജ്വല്ലറികള്‍ക്ക് കൊടുക്കാനായി കൊണ്ടുവന്ന 788 ഗ്രാം സ്വര്‍ണമാണ് കവര്‍ന്നതെന്ന് സമ്പത്ത് മംഗലപുരം പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. മുന്നിലും പിന്നിലും കാറിലെത്തിയ സംഘമാണ് ആക്രമിച്ചത്. മുന്നിലെ കാര്‍ നിര്‍ത്തിയാണ് ഇവര്‍ സഞ്ചരിച്ച കാര്‍ തടഞ്ഞത്. വെട്ടുകത്തി ഉപയോഗിച്ച് ഗ്ലാസ് തകര്‍ത്ത് മുഖത്തേക്ക് മുളകുപൊടി എറിയുകയായിരുന്നു. സംഭവത്തിൽ മംഗലപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.