കോഴിക്കോട്: ടി.പി കേസില്‍ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആര്‍.എം.പി നേതാവ് കെ.കെ. രമ എം.എല്‍.എ. ആഭ്യന്തര വകുപ്പ് സെക്രട്ടറിയെ നേരില്‍ കണ്ടാണ് രമ ഇക്കാര്യം ആവശ്യപ്പെട്ടത്. നിലവിലെ അഡ്വക്കേറ്റ് ജനറലില്‍ നിന്ന് നീതി ലഭിക്കില്ല. കേരളത്തിന് പുറത്ത് നിന്നുള്ള സുപ്രിംകോടതി അഭിഭാഷകനെ പ്രോസിക്യൂട്ടറായി നിയമിക്കണമെന്നും കെ.കെ. രമ ആവശ്യപ്പെട്ടു.2012 മെയ് നാലിനാണ് റെവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി (ആര്‍.എം.പി) സ്ഥാപക നേതാവ് ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്. വടകര ഒഞ്ചിയം വള്ളിക്കാട് ജങ്ഷനില്‍വെച്ച് ബൈക്കില്‍ സഞ്ചരിക്കുമ്പോൾ കാറിലെത്തിയ അക്രമിസംഘം ചന്ദ്രശേഖരനെ ഇടിച്ചുവീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാത കേസില്‍ സി.പി.എം നേതാവ് പി.കെ. കുഞ്ഞനന്തന്‍ അടക്കമുള്ളവരെ ശിക്ഷിച്ചിരുന്നു.