തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ അവലോകന യോഗം ഇന്ന് ചേരും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് യോഗം. രോഗികളുടെ എണ്ണം കുറയുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാന്‍ സാധ്യതയുണ്ട്.ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതുൾപ്പെടെയുള്ള വിഷയങ്ങൾ യോഗം ഇന്ന് ചർച്ച ചെയ്യും.ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി സംബന്ധിച്ച് കഴിഞ്ഞ യോഗങ്ങളിലും ചർച്ച ചെയ്തിരുന്നു. എന്നാൽ കൊറോണ കേസുകളിലെ എണ്ണവും ടിപിആറും കണക്കിലെടുത്ത് ഹോട്ടലുകളിൽ പാഴ്‌സലുകൾ മാത്രം നൽകിയാൽ മതിയെന്ന തീരുമാനത്തിൽ സർക്കാർ എത്തുകയായിരുന്നു. എന്നാൽ ഇപ്പോൾ സ്‌കൂളുകൾ വരെ തുറക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് അനുമതി നൽകിയേക്കും. അങ്ങിനെയെങ്കിൽ ഭക്ഷണം കഴിക്കാനുള്ള ടേബിളുകൾ നിശ്ചിത അകലം പാലിച്ച് ക്രമീകരിച്ചും, സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുമാകും ഹോട്ടലുകളുടെ പ്രവർത്തനം.ബാറുടമകളും സമാനകാര്യം ഉന്നയിച്ചിട്ടുണ്ട്. തിയേറ്ററുകള്‍ തുറക്കുന്ന കാര്യത്തിലും ചര്‍ച്ച ഉണ്ടായേക്കും. ബസുകളിൽ നിന്നുകൊണ്ട് യാത്ര ചെയ്യുന്നതിനുള്ള അനുമതിയും ഇന്നത്തെ യോഗത്തിൽ സർക്കാർ നൽകിയേക്കാമെന്നാണ് സൂചന.