തിരുവനന്തപുരം:ഐഎഎസ് ഓഫീസർ ശ്രീറാം വെങ്കിട്ടരാമൻ മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹതയുണ്ടെന്ന സംശയവുമായി റിട്ട. പൊലീസ് സൂപ്രണ്ട് ജോർജ് ജോസഫ്.സംഭവത്തെപ്പറ്റി താൻ വ്യക്തിപരമായി നടത്തിയ അന്വേഷണത്തിൽ, ബഷീറിന്റെ മരണം കൂടുതൽ സംശയങ്ങളുണർത്തുന്നുണ്ടെന്നും അദ്ദേഹം ഉപയോഗിച്ചിരുന്ന സ്മാർട്ട്‌ഫോൺ കണ്ടെടുക്കുകയാണെങ്കിൽ പുതിയ രഹസ്യങ്ങളുടെ ചുരുളഴിയുമെന്നും ഒരു അഭിമുഖത്തിൽ ജോർജ് ജോസഫ് പറഞ്ഞു. അപകട സമയത്ത് ശ്രീറാമിനൊപ്പം സഞ്ചരിച്ചിരുന്ന വഫ ഫിറോസിന്റെ അഭിമുഖം സംപ്രേഷണം ചെയ്ത ശേഷം അപകട സ്ഥലം സന്ദര്‍ശിച്ച റിട്ട എസ്.പി ജോര്‍ജ് ജോസഫ് ഉന്നയിക്കുന്ന ചില ചോദ്യങ്ങള്‍ ഏറെ ദുരൂഹത ഉണര്‍ത്തുന്നതാണ്.ശ്രീറാം മദ്യപിച്ചിരുന്നോ എന്ന് തനിക്കറിയില്ലെന്നും മദ്യത്തിന്റെ മണം പരിചയമില്ലെന്നും പറയുന്ന വഫ ഫിറോസ്, ശ്രീറാമിൽ വേറൊരു മണമുണ്ടായിരുന്നു എന്നാണ് അഭിമുഖത്തിൽ പറഞ്ഞത്. വേറൊരു മണം ആണ് ശ്രീറാമിനുണ്ടായിരുന്നെങ്കിൽ അത് കഞ്ചാവിന്റെയോ അതുപോലുള്ള മയക്കുമരുന്നിന്റെയോ മണമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്.’ ജോർജ് ജോസഫ് പറയുന്നു.’സിറാജ് പത്രത്തിന്റെ ഓഫീസ് കവടിയാർ ജംഗ്ഷനിലാണ്. കെ.എം ബഷീർ കൊല്ലത്തുനിന്ന് മടങ്ങിയെത്തി നേരെ പോയത് ഈ ഓഫീസിലേക്കാണ്. അരമണിക്കൂറോളം അദ്ദേഹം അവിടെ നിന്നു. സിറാജിന്റെ ഓഫീസിൽ നിന്നാൽ കവടിയാർ ജംഗ്ഷൻ വ്യക്തമായി കാണാം. അതിനടുത്തു നിന്നാണ് ശ്രീറാം തന്റെ കാറിൽ കയറിയതെന്ന് വഫ ഫിറോസ് പറയുന്നുണ്ട്. ശ്രീറാമിനെ പോലെ പ്രസിദ്ധനായ ഒരു വ്യക്തിയെ ആ സമയത്ത് അവിടെ കണ്ടത് ബഷീർ ശ്രദ്ധിച്ചിട്ടുണ്ടാകും. രാത്രി ഒരുമണി സമയത്ത് അത് കാണുമ്പോൾ ഒരു പത്രപ്രവർത്തകൻ സ്വാഭാവികമായും ഫോട്ടോ എടുക്കും.അല്ലെങ്കിൽ, നമ്പർ നോട്ട് ചെയ്യും.അത് ഉണ്ടായിട്ടുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്.അതിനു ശേഷം ബൈക്ക് ഓടിച്ച് ബഷീർ മുന്നോട്ടുപോയിട്ടുണ്ടെങ്കിൽ കാർ അതിനെ പിന്തുടർന്നത് തന്നെയാണെന്ന് ഞാൻ വിശ്വസിക്കുന്നു.പക്ഷേ, അതിന് തെളിവ് കിട്ടണമെങ്കിൽ ബഷീറിന്റെ മൊബൈൽ ഫോൺ പരിശോധിക്കണം.അതിനകത്ത് ഫോട്ടോയെ മറ്റു വല്ലതുമുണ്ടോ എന്ന് ഉറപ്പുവരുത്തണം.എന്നാൽ അപകട സ്ഥലത്തുനിന്ന് മൊബൈൽ ഫോൺ അപ്രത്യക്ഷമായിരിക്കുകയാണ്. ബഷീറിന്റെ സ്മാർട്ട്‌ഫോൺ കണ്ടെടുക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. പിന്നീട് ഞാൻ അന്വേഷിച്ചപ്പോൾ 1.56 ന് പൊലീസ് സ്‌റ്റേഷനിലെ ഒരു പൊലീസുകാരൻ ഈ ഫോണിലേക്ക് വിളിച്ചപ്പോൾ കണക്ട് ചെയ്തിരുന്നു എന്ന് മനസ്സിലായി. അതിനു ശേഷം സ്വിച്ച്ഓഫ് ആവുകയാണ് ചെയ്തത്. വളരെ നിർണായകമായ ഒരു തെളിവ് നശിപ്പിക്കാനുള്ള ശ്രമമാണ് അരങ്ങേറിയതെന്ന് സംശയിക്കുന്നു.ശ്രീറാമിന് ലിഫ്റ്റ് നല്‍കിയ ശേഷം കേവലം കുറച്ചു ദൂരം മുന്നോട്ട് പോകവേ വാഹനം നിര്‍ത്തി ഡ്രൈവിംഗ് സീറ്റ് ശീറാമിന് കൈമാറിയതായാണ് വഫയുടെ മൊഴി. അതിന് ശേഷം ഓവര്‍ സ്പീഡില്‍ വാഹനം പോയതായും പറയുന്നുണ്ട്. എന്നാല്‍ ചെറിയ ദൂരം മാത്രം പോകേണ്ട അവസരത്തില്‍ എന്തിനാണ് പെട്ടെന്ന് അങ്ങനെ മാറിക്കയറിയതെന്ന് ജോര്‍ജ് ജോസഫ് ചോദിക്കുന്നു. മൊബൈൽ കണ്ടെടുക്കാൻ പൊലീസിന് കഴിഞ്ഞാൽ കേസിന്റെ കഥ മാറും; മൊബൈൽ സംസാരിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.’ – മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ ജോർജ് ജോസഫ് പറയുന്നു.