തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജില്ലകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളെ ‘സി’ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി. ഈ ജില്ലകളില്‍ നിയന്ത്രണം കടുപ്പിക്കും. ഇന്നു ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.’സി’ കാറ്റഗറിയിലുള്ള ജില്ലകളില്‍ പൊതുപരിപാടികള്‍ പാടില്ല. തിയറ്റര്‍, ജിംനേഷ്യം, നീന്തല്‍ കുളങ്ങള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കില്ല. ആരാധനാലയങ്ങളില്‍ ഓണ്‍ലൈന്‍ ആരാധന മാത്രമേ നടത്താവൂ. നേരത്തെ, കോട്ടയം ജില്ല എ കാറ്റഗറിയിലും ഇടുക്കി, പത്തനംതിട്ട, കൊല്ലം ജില്ലകള്‍ ബി കാറ്റഗറിയിലും ആയിരുന്നു.മലപ്പുറം, കോഴിക്കോട് ജില്ലകളിലും രോഗികളുടെ എണ്ണം ഉയരുകയാണ്. സംസ്ഥാനത്ത് ഫെബ്രുവരി ആറുവരെ കോവിഡ് വ്യാപനം കൂടിയ തോതില്‍ തുടരുമെന്നാണ് കരുതുന്നത്. നിലവില്‍ കാറ്റഗറി തിരിച്ച് ജില്ലകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ഫലപ്രദമാണെന്നാണ് സര്‍ക്കാറിന്റെ വിലയിരുത്തല്‍.ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുളള രോഗികളില്‍ 25 ശതമാനത്തില്‍ കൂടുതല്‍ കോവിഡ് രോഗികളാണെങ്കിലാണ് ഒരു ജില്ല കടുത്ത നിയന്ത്രണങ്ങളുളള ‘സി’ കാറ്റഗറിയില്‍ വരുന്നത്. നേരത്തെ തിരുവനന്തപുരം മാത്രമാണ് ‘സി’ വിഭാഗത്തിലുണ്ടായിരുന്നത്. ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളെ കൂടി ഉള്‍പ്പെടുത്തിയതോടെ ‘സി’ കാറ്റഗറി പട്ടികയില്‍ അഞ്ചു ജില്ലകളായി.