തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ ഞായറാഴ്ച വരെ ലോക്കഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി.അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കര്‍ശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
നിയന്ത്രണങ്ങൾ ഇങ്ങനെ:
- സംസ്ഥാന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, അതിന്റെ കീഴില്‍ വരുന്ന സ്വയംഭരണ സ്ഥാപനങ്ങള്‍, അവശ്യസേവന വിഭാഗങ്ങള്‍, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍, വ്യക്തികള്‍ തുടങ്ങിയവക്ക്/ തുടങ്ങിയവര്‍ക്ക് പ്രവര്‍ത്തിക്കാം.
- ടെലികോം സര്‍വീസ്, അടിസ്ഥാന സൗകര്യം, ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍, പെട്രോനെറ്റ്, പെട്രോളിയം, എല്‍പിജി യൂനിറ്റുകള്‍ എന്നിവ അവശ്യ സേവന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഇവര്‍ക്ക് അതാത് സ്ഥാപനങ്ങള്‍ നല്‍കുന്ന തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് യാത്രചെയ്യാം.
- ഐടി മേഖലയില്‍ സ്ഥാപനം പ്രവര്‍ത്തിക്കാന്‍ അത്യാവശ്യം വേണ്ട ആളുകള്‍ മാത്രമേ ഓഫിസുകളിലെത്താവൂ. പരമാവധി ആളുകള്‍ക്ക് വര്‍ക്ക് ഫ്രം ഹോം സൗകര്യം സ്ഥാപനങ്ങള്‍ ഒരുക്കി നല്‍കണം.
- ആശുപത്രി ഫാര്‍മസികള്‍, പത്രമാധ്യമങ്ങള്‍,ഭക്ഷണം, പലചരക്ക് കടകള്‍, പഴക്കടകള്‍, പാല്‍പാലുല്‍പ്പന്നങ്ങള്‍ എന്നിവ വില്‍ക്കുന്ന കേന്ദ്രങ്ങള്‍, ഇറച്ചി മത്സ്യ വിപണ കേന്ദ്രങ്ങള്‍, കള്ള് ഷാപ്പുകള്‍ എന്നിവയ്ക്ക് മാത്രം പ്രവര്‍ത്തിക്കാം.
- വാഹനങ്ങളുടെ അറ്റകുറ്റപണി, സര്‍വീസ് കേന്ദ്രങ്ങള്‍ എന്നിവയ്ക്കും പ്രവര്‍ത്തിക്കാം.
- ആളുകള്‍ പുറത്തിറങ്ങി സാധനങ്ങള്‍ വാങ്ങുന്നതിന് പകരം ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കും. എല്ലാ പ്രവര്‍ത്തനങ്ങളിലും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം.
- എല്ലാ സ്ഥാപനങ്ങളിലും ജീവനക്കാരും ഉടമകളും ഇരട്ട മാസ്‌ക് ഉപയോഗിക്കണം.
- രാത്രി ഒൻപത് മണിക്കു മുൻപ് കടകള്‍ അടയ്ക്കണം.
- ബാങ്കുകള്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ മാത്രം പൊതുജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കും. ബാങ്കുകള്‍ക്ക് അതിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഉച്ചയ്ക്ക് രണ്ടുമണിവരെ സമയമുണ്ടാകും.
- ദീര്‍ഘദൂര ബസുകള്‍, ട്രയിന്‍, പൊതുഗതാഗത സംവിധാനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും. എന്നാല്‍ ഇതില്‍ യാത്ര ചെയ്യുന്നതും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കണം. യാത്രക്കാരുടെ പക്കല്‍ യാത്രാ രേഖകള്‍ ഉണ്ടായിരിക്കണം.
- വിവാഹത്തിന് പരമാവധി 50 പേര്‍ക്കും മരണാനന്തര ചടങ്ങുകളില്‍ പരമാവധി 20 പേര്‍ക്കും പങ്കെടുക്കാം.
- റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും.
- അതിഥി തൊഴിലാളികള്‍ക്ക് അവരുടെ മേഖലകളില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ജോലിചെയ്യാം.
- ആരാധനാലയങ്ങളില്‍ പരമാവധി 50 പേര്‍ക്ക് എത്താം. എന്നാല്‍ അരാധനാലയങ്ങളുടെ വലിപ്പം അനുസരിച്ച് ഇതില്‍ വ്യത്യാസം വരാം.
- എല്ലാതരത്തിലുമുള്ള സിനിമ സീരിയല്‍ ചിത്രീകരണങ്ങള്‍ നിര്‍ത്തിവെക്കണം.