തിരുവനന്തപുരം: പുതുവത്സരത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് രാത്രികാല നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കാനൊരുങ്ങി പോലീസ്. പത്ത് മണിക്ക് ശേഷം പരിശോധന കർശനമാക്കും. ആൾക്കൂട്ടമോ ഒത്തു ചേരുന്ന പരിപാടികളോ അനുവദിക്കില്ല. അത്യാവശ്യമെങ്കിൽ മാത്രമേ പുറത്തിറങ്ങാവൂ. പുറത്തിറങ്ങുന്നവർ സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കരുതണമെന്നും പോലീസ് നിർദ്ദേശിക്കുന്നു. നിർദേശം പാലിക്കാത്തവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.ഓപ്പറേഷൻ സുരക്ഷിത പുലരിയെന്ന പേരിലാണ് നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത്. കേരളമുൾപ്പടെ നിരവധി സംസ്ഥാനങ്ങളിൽ ഒമിക്രോൺ രോഗികൾ വർദ്ധിച്ചതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഹോട്ടലുകളും റസ്റ്റോറൻറുകളും ബാറുകളും ക്ലബ്ബുകളും പത്ത് മണിയോടെ അടക്കണം. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം പ്രാബല്യത്തിൽ വന്നത്. ഇന്നലെ പിഴ അടക്കമുള്ള കടുത്ത നടപടികൾ മിക്കയിടങ്ങളിലും പൊലീസ് ഒഴിവാക്കിയിരുന്നെങ്കിലും, ഇന്ന് വിട്ടുവീഴ്ചയുണ്ടാകില്ല. ഒമിക്രോൺ കണക്കിലെടുത്ത് ഞായറാഴ്ച വരെയാണ് രാത്രികാല നിയന്ത്രണം.ഒമിക്രോണ്‍ ഭീതിയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച രാത്രികാല കര്‍ഫ്യൂവും ഡിജെപാർട്ടികള്‍ക്ക് ഏർപെടുത്തിയ നിയന്ത്രണവും ഏറ്റവും അധികം ബാധിച്ചിരിക്കുന്നത് ഹോട്ടലുകളെയും ക്ലബ്ബുകളെയുമാണ്. പുതുവത്സരാഘോഷത്തിന് സംസ്ഥാനത്തേക്ക് വരാനിരുന്ന ടൂറിസ്റ്റുകളില്‍ പലരും ബുക്കിംഗ് ഒഴിവാക്കി. ഹോട്ടലുകളില്‍ പകുതിലേറെയും മുറികൾ ഒഴിഞ്ഞുകിടക്കുകയാണ്.വരുന്ന രണ്ട് മാസം കൊറോണ കേസുകൾ കൂടാൻ തന്നെയാണ് സാധ്യതയെന്ന് സംസ്ഥാന സർക്കാരും ആരോഗ്യവകുപ്പും കണക്കാക്കുന്നു. ജനുവരി മാസത്തിലെ വ്യാപനം നിർണായകമാകും. പുതുവത്സരാഘോഷത്തിന് നിയന്ത്രണമേർപ്പെടുത്തിയില്ലെങ്കിൽ കൊറോണ കേസുകൾ കുത്തനെ ഉയരുമെന്നത് മുന്നിൽ കണ്ടാണ് നടപടി.