പത്തനംതിട്ട: പമ്പാ നദിയിലെ ജലനിരപ്പ് ഉയർന്നതിന്റെ പശ്ചാത്തലത്തിൽ ശബരിമലയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ഭാഗികമായി നീക്കി. മഴയില്‍ കുറവ് വന്നതോടെയാണ് നിയന്ത്രണങ്ങൾ നീക്കിയത്.നിലയ്ക്കല്‍ കഴിയുന്ന തീര്‍ഥാടകരുടെ സുരക്ഷിതത്വം ഉറപ്പാക്കി സാധ്യമാകുന്ന മുറയ്ക്ക് ഘട്ടം ഘട്ടമായി ദര്‍ശനം അനുവദിക്കാനാണ് തീരുമാനം. കനത്ത മഴയെ തുടർന്ന് പമ്പാ നദിയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ശബരിമല തീര്‍ഥാടനത്തിന് ശനിയാഴ്ച ജില്ലാ ഭരണകൂടം നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സനും ജില്ല കലക്ടറുമായ ഡോ. ദിവ്യ എസ്. അയ്യരുമായി ശബരിമല എ.ഡി.എം അര്‍ജുന്‍ പാണ്ഡ്യന്‍ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങൾ പിൻവലിക്കാൻ തീരുമാനമായത്.വാരാന്ത്യമായതിനാല്‍ വെര്‍ച്വല്‍ ക്യൂ വഴി ശനിയാഴ്ച 20,000 പേരാണ് ബുക്ക് ചെയ്തിരുന്നത്. ഇതില്‍ 90 ശതമാനം പേരും എത്താനാണ് സാധ്യത.വെള്ളിയാഴ്ച അര്‍ധരാത്രിയാണ് തീര്‍ഥാടകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതറിയാതെ നിലയ്ക്കലില്‍ ധാരാളം തീര്‍ഥാടകര്‍ എത്തിയിട്ടുണ്ട്. ഇവരെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ഇതും ആളുകളെ കടത്തിവിടാന്‍ കാരണമായി.ശനിയാഴ്ച രാവിലെ മഴയുടെ തീവ്രത കുറഞ്ഞിട്ടുണ്ട്. പമ്പ ത്രിവേണിയിലടക്കം ജലനിരപ്പ് തൃപ്തികരമാണ്.മഴ തുടരുകയാണെങ്കില്‍ പുഴയില്‍ ജലനിരപ്പ് ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. അതിനാല്‍ കൃത്യമായ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും തീര്‍ഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടുക.