ദുബായ്:നിപ വൈറസ് ബാധയെ തുടർന്ന് കേരളയാത്രയ്ക്ക് യുഎഇ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി.വൈറസ് ബാധയെ തുടർന്ന് നിരവധി പേര്‍ മരിക്കുകയും അനേകം പേര്‍ ആശുപത്രിയിലും ആയ സാഹചര്യത്തിലായിരുന്നു കേരളത്തിലേക്കുള്ള യാത്രയില്‍ യു.എ.ഇ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. എന്നാൽ കേരളം നിപ രോഗബാധയെ ഫലപ്രദമായി നേരിട്ടുവെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് ഇപ്പോള്‍ യു.എ.ഇ നിയന്ത്രണം നീക്കിയിരിക്കുന്നത്. ഇക്കഴിഞ്ഞ മെയ് 24 നാണ് യു.എ.ഇ. ആരോഗ്യ മന്ത്രാലയം കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. കേരളത്തില്‍ നിന്നും യുഎഇയില്‍ എത്തുന്നവര്‍ക്ക് നിപ വൈറസിന്റെ ലക്ഷണങ്ങള്‍ ഉണ്ടോയെന്ന് നിരീക്ഷിക്കാന്‍ വിമാനത്താവള അധികൃതര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. ലോകാരോഗ്യ സംഘടനയുടെ ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം നിപ രോഗബാധ നിയന്ത്രണവിധേയമായെന്ന് ഉറപ്പായതിനെത്തുടര്‍ന്നാണ് നിയന്ത്രണം നീക്കിയതെന്ന് ആരോഗ്യ മന്ത്രാലയ അധികൃതര്‍ വ്യക്തമാക്കി.