ന്യൂ ഡൽഹി: വാണിജ്യാടിസ്ഥാനത്തിൽ നായ്ക്കളുടെ പ്രജനനത്തിനും വില്പനയ്ക്കും കേന്ദ്രസർക്കാർ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനുള്ള നിയമത്തിന്റെ പരിധിയിലാണിത്. രണ്ടു മാസത്തിൽ താഴെ പ്രായമുള്ള നായ്ക്കളെ വിൽക്കാൻ പാടില്ല.വിൽപ്പനയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. ആരോഗ്യമുള്ള നായക്കുട്ടികളെ മാത്രമേ വിൽക്കാൻ പാടുള്ളു. നായ്ക്കളെയും നായകുട്ടികളെയും പരീക്ഷണങ്ങൾക്കായി വിൽക്കാൻ പാടില്ല. ഇവയ്ക്കു മൈക്രോചിപ് ഘടിപ്പിക്കുകയും ചികിത്സയുടെയും വാക്സിനേഷന്റെയും രേഖകൾ സൂക്ഷിക്കുകയും വേണം.പ്രജനനകേന്ദ്രങ്ങളിൽ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉണ്ടായിരിക്കണം. പട്ടികളുടെ പ്രായം സംബന്ധിച്ച് വെറ്ററിനറി ഡോക്ടർ സാക്ഷ്യപ്പെടുത്തിയ രേഖ സൂക്ഷിക്കണം.ശ്വാന പ്രദർശനങ്ങൾ ചട്ടങ്ങൾക്ക് വിധേയമായിരിക്കണം.നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്നു ഉറപ്പു വരുത്തേണ്ടത് സംസ്ഥാന മൃഗസംരക്ഷണ ബോർഡുകളാണ്