കാസറഗോഡ് : മനുഷ്യർക്കിടയിൽ നന്മ വറ്റിയിട്ടില്ലെന്ന് കാണിക്കുന്ന അനുഭവം വിവരിച്ച് ഒരു യുവാവ് പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. അപകടത്തിൽ പെട്ട തന്നെയും ഭാര്യയെയും കൊറോണ രൂക്ഷമായ സാഹചര്യം പോലും വകവെയ്ക്കാതെ ഇതുവരെ കണ്ട് പരിചയം പോലും ഇല്ലാത്ത ഒരാൾ രക്ഷപ്പെടുത്തിയ അനുഭവമാണ് കുറിപ്പിലുള്ളത്. തൃക്കരിപ്പൂര്‍ സ്വദേശി ഷജിനും ഭാര്യയുമാണ് അപകടത്തില്‍ പെട്ടത്. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെ ഭാര്യവീട്ടിലേക്ക് പോകവേ വഴിയിൽ വെച്ച് ഇവരുടെ ബൈക്കിന് മുന്നിലേക്ക് ഒരു പട്ടി ചാടുകയും ബൈക്ക് അപകടത്തിൽപ്പെടുകയുമായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ് ദേഹമാസകലം മുറിവേറ്റുകിടന്ന ഇരുവരെയും അതിലൂടെ വന്ന ഒരു ചെറുപ്പക്കാരൻ മറ്റൊന്നും വകവെയ്ക്കാതെ ഒരു ഓട്ടോയിൽ കയറ്റി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇരുവർക്കും ഈ യുവാവിനെ കണ്ട് പരിചയം പോലും ഇല്ലായിരുന്നു. അരിമല ആശുപത്രിയിൽ എത്തിച്ച യുവാവ് ഇവരെ ഡോക്റ്ററെ കാണിക്കുകയും മരുന്നും ഇഞ്ചക്ഷനും മറ്റും വാങ്ങി നൽകുകയും ചെയ്തു. കൂടുതൽ പരിശോധനയ്ക്കായി ഇവരെ ഓർത്തോ ഡോക്റ്ററെ കാണിക്കാൻ റെഫർ ചെയ്തിരുന്നു. ബന്ധുക്കൾ പുറപ്പെട്ടിട്ടുണ്ടെന്നും അവർ വന്നിട്ട് പൊയ്ക്കോളാം എന്ന് പരിക്ക് പറ്റിയ ഷജിൻ പറഞ്ഞെങ്കിലും അതിന് കാത്തുനിൽക്കാതെ യുവാവ് ഇവരെയും കൂട്ടി മറ്റൊരോട്ടോയിൽ സിറ്റി ഹോസ്പിറ്റലിലേക്ക് പോയി. അവിടെ ഡോക്റ്റർ വിജയരാഘവനെ കാണിക്കാം എന്ന് പറഞ്ഞ് യുവാവ് ഇരുവരെയും ഡോക്റ്ററുടെ അടുത്തേക്ക് കൊണ്ടുപോയി. പരിശോധനാഫീസും എക്സറേയുടെ പണവും യുവാവ് തന്നെ അടച്ചു. സ്വന്തക്കാരുപോലും മടിച്ചു നിൽക്കുന്ന സാഹചര്യത്തിൽ യുവാവിന്റെ പ്രവൃത്തി അതിശയമുളവാക്കുന്നതായിരുന്നു. തിരക്ക് കഴിഞ്ഞപ്പോൾ ഇവർ യുവാവിനെ പരിചയപ്പെട്ടു. കാഞ്ഞങ്ങാട് പോലീസ് സ്റ്റേഷനിലെ പൊലീസുകാരനായ ജയറാം ആയിരുന്നു അത്.
ഡ്യൂട്ടികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ ഫോണിൽ ഒരു കോൾ വരികയും വണ്ടി നിർത്തി സംസാരിക്കുമ്പോഴാണ് അപകടം കണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജോലി കഴിഞ്ഞ് എത്രയും പെട്ടന്ന് വീട്ടിൽ എത്തി വിശ്രമിക്കാൻ ശ്രമിക്കുന്ന പുതു തലമുറയിലും നന്മ വറ്റാത്ത ഹൃദയങ്ങൾ ഉണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് ജയറാം എന്ന പോലീസുകാരൻ.
ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത രണ്ടുപേർക്ക് വേണ്ടി മണിക്കൂറുകൾ ചിലവാക്കിയ ഇദ്ദേഹം നാടിന് തന്നെ മാതൃകയാവുകയാണ്. ഒടുവിൽ ബന്ധുക്കൾ എത്തിയപ്പോൾ മടങ്ങാൻ തുടങ്ങിയ അദ്ദേഹത്തിന് അതുവരെ ചിലവായ തുക നല്കാൻ ശ്രമിച്ചപ്പോൾ അദ്ദേഹം സന്തോഷത്തോടെ അത് നിരസിച്ചു. പണം വാങ്ങിയാൽ താൻ ഇതുവരെ ചെയ്തതിനൊന്നും അർത്ഥമുണ്ടാവില്ല എന്നാണ് അദ്ദേഹം പ്രതികരിച്ചത്.ഇന്നത്തെ ലോകത്ത് ആക്‌സിഡന്റിൽപെട്ട് കിടക്കുന്ന ഒരാളെ ആശുപത്രിയിൽ പോലും എത്തിക്കാൻ മടിക്കുന്ന സമൂഹം ഈ ചെറുപ്പക്കാരനിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്.ലാഭേച്ഛയില്ലാതെ അന്യരായ രണ്ടുപേരുടെ സഹായത്തിനെത്തിയ ജയറാം എന്ന യുവാവിന് നന്ദിയും കടപ്പാടും അറിയിച്ചുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.ഹൊസ്ദുര്‍ഗ് ബീറ്റാ കണ്‍ട്രോള്‍ റൂമിലെ ഡ്രൈവറും സിവില്‍ പോലീസ് ഓഫീസറുമാണ് ജയറാം.ചീമേനി പൊതാവൂര്‍ സ്വദേശിയായ ജയറാം കെ നമ്പ്യാർ നിലവില്‍ പെരിയാട്ടടുക്കം പൊലീസ് ക്വാര്‍ട്ടേഴ്‌സിലാണു താമസം. മാവുങ്കാല്‍ മൂലക്കണ്ടം സ്വദേശിനി പി ടി സൂര്യയാണ് ഭാര്യ. സോഷ്യൽ മീഡിയയിൽ കുറിപ്പ് വൈറലായതോടെ അഭിനന്ദന പ്രവാഹമാണ് ഇദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.