നെതർലാൻഡ്:മനുഷ്യ ശരീരത്തില്‍ പുതിയ ഒരു അവയവം കൂടി കണ്ടെത്തിയതായി നെതര്‍ലന്‍സ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ.ഇതുവരെ തിരിച്ചറിയാതിരുന്ന ഉമിനീര്‍ ഗ്രന്ഥിയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന പുതിയ അവയവം. പുതിയ അവയവത്തിന് ട്യൂബേറിയല്‍ സലൈവറി ഗ്ലാന്‍ഡ്സ് എന്ന് പേരിട്ടു.റെഡിയോതെറാപ്പി ആന്റ് ഓങ്കോളജി എന്ന ജേര്‍ണലാണ് ഗവേഷണ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചത്. പ്രോസ്ട്രേറ്റ് കാന്‍സര്‍ സംബന്ധിച്ച പഠനത്തിനിടെയാണ് കാന്‍സര്‍ ചികിത്സയില്‍ നിര്‍ണായകമാകുന്ന കണ്ടെത്തല്‍ ശാസ്ത്രജ്ഞര്‍ നടത്തിയത്. മൂക്കിന് പിന്നിലായി വളരെ സൂക്ഷ്മമായ ഉമിനീര്‍ ഗ്രന്ഥികള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് ഇതുവരെ കരുതിയിരുന്നത്.എന്നാല്‍ പ്രോസ്‌ട്രേറ്റ് കാന്‍സര്‍ കോശങ്ങള്‍ സംബന്ധിച്ച പഠനത്തിനിടെ പുതിയ ഉമിനീര്‍ ഗ്രന്ഥികള്‍ ഗവേഷകര്‍ കണ്ടെത്തുകയായിരുന്നു.100 കാന്‍സര്‍ രോഗികളെ പരിശോധിച്ച ശേഷമാണ് പുതിയ അവയവത്തിന്‍റെ സാന്നിധ്യം ഉറപ്പാക്കിയത്.1.5 ഇഞ്ചോളം (3.9 സെന്‍റീമീറ്റര്‍) വലിപ്പമുള്ള പുതിയ സെറ്റ് ഗ്രന്ഥികളാണ് കണ്ടെത്തിയത്. മൂക്കിനും വായയ്ക്കും പിന്നിലായുള്ള തൊണ്ടയുടെ ഭാഗത്ത് ഈര്‍പ്പം നല്‍കാനുള്ള ഉമിനീര്‍ ഉത്പാദിപ്പിക്കുകയാണ് ഇവ ചെയ്യുന്നതെന്നും കണ്ടെത്തി. തലയുടെ ഭാഗത്തെ കാന്‍സര്‍ ചികിത്സക്ക് റേഡിയോ തെറാപ്പി ചെയ്യുമ്പോള്‍ ഉമിനീര്‍ ഗ്രന്ഥികളെ ഒഴിവാക്കാന്‍ ഡോക്ടര്‍മാര്‍ ശ്രദ്ധിക്കാറുണ്ട്. കാരണം ഉമിനീര്‍ ഗ്രന്ഥികള്‍ക്ക് റേഡിയോ തെറാപ്പിയിലൂടെ എന്തെങ്കിലും തകരാര്‍ ഉണ്ടായാല്‍ രോഗികള്‍ക്ക് സംസാരിക്കാനും ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ട് ഉണ്ടാകും. എന്നാല്‍ ഇതുവരെ തിരിച്ചറിയപ്പെടാതിരുന്ന ഗ്രന്ഥികള്‍ റേഡിയോ തെറാപ്പിയില്‍ ഉള്‍പ്പെട്ടുപോയിട്ടുണ്ട്. ഈ പുതിയ സെറ്റ് ഗ്രന്ഥികളെ കൂടി റേഡിയോ തെറാപ്പിയില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതോടെ കാന്‍സര്‍ ചികിത്സയുടെ പാര്‍ശ്വ ഫലങ്ങള്‍ വീണ്ടും കുറയ്ക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍ പറയുന്നു.