കാസർകോഡ്:മത്സ്യബന്ധനത്തിന് പോയ ബോട്ട് തകര്‍ന്ന് കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു.ബോട്ടില്‍ ഉണ്ടായിരുന്ന അഞ്ചു പേരെയാണ് രക്ഷിച്ചത്.ഇവരെ തളങ്കര തീരത്ത് എത്തിക്കുമെന്നാണ് വിവരം.മത്സ്യബന്ധനത്തിനു പോയ തിരുവനന്തപുരം സ്വദേശികളുടെ മറിയം എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. മടക്കര ഹാര്‍ബറില്‍ നിന്ന് രണ്ടു ദിവസം മുൻപാണ് ഇവർ മത്സ്യബന്ധനത്തിന് പോയത്. ബുധനാഴ്ച രാത്രി ഏഴു മണിയോടെ കാസര്‍കോടു നിന്നും 10 നോട്ടിക്കല്‍ മൈല്‍ അകലെ ബോട്ട് തിരമാലയില്‍പ്പെട്ട് രണ്ടായി മുറിയുകയായിരുന്നു.തകര്‍ന്ന ബോട്ടില്‍ കുടുങ്ങിയ മത്സ്യതൊഴിലാളികള്‍ ഫിഷറീസ് അധികൃതരെ ഫോണില്‍ വിവരമറിയിച്ചു. ഉടന്‍തന്നെ തൈക്കടപ്പുറത്തു നിന്ന് ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള രക്ഷാബോട്ട് പുറംകടലിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന് പുറപ്പെട്ടു. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങും വഴിയാണ് അപകടം സംഭവിച്ചതെന്നാണ് ബോട്ടിലുണ്ടായിരുന്നവര്‍ അറിയിച്ചത്. മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി കരയിലേക്ക് കൊണ്ടുവരുമ്പോൾ ബോട്ടിന്റെ എന്‍ജിന്‍ കേടായത് ആശങ്കപരത്തി. മറ്റൊരു ബോട്ടില്‍ ആണ് മത്സ്യത്തൊഴിലാളികളെ പിന്നീട്ട് കരയ്‌ക്ക് എത്തിച്ചത്.