Kerala, News

മലമ്പുഴ ചെറാട് മലയില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി;ബാ​ബു​വു​മാ​യി ദൗ​ത്യ​സം​ഘാം​ഗം മു​ക​ളി​ലെത്തി

keralanews rescued youth trapped in malambuzha cherad hill rescue team reached top with babu

പാലക്കാട്: മലമ്പുഴ ചെറാട് കുമ്പച്ചിമലയിലെ മലയിടുക്കില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി.ബാബുവിന്‍റെ അടുത്തേക്ക് എത്തിയ ദൗത്യസംഘാംഗം അദ്ദേഹവുമായി മലയിടുക്കില്‍ നിന്ന് മുകളിലേക്ക് എത്തി.ദീര്‍ഘമായ 48 മണിക്കൂറിനു ശേഷമാണ് ആശാവഹമായ വാര്‍ത്ത എത്തുന്നത്. ബാബുവിന് അടുത്തേക്ക് എത്തിയ കരസേനയുടെ ദൗത്യസംഘാംഗം ആദ്യം അദ്ദേഹത്തിന് വെള്ളവും ഭക്ഷണവും മരുന്നും നല്‍കി. അതിനു ശേഷം തന്‍റെ ശരീരത്തോട് ബാബുവിനെ ബെല്‍റ്റ് ഉപയോഗിച്ച്‌ ബന്ധിപ്പിച്ചു. പിന്നീട് ഇരുവരും വടത്തില്‍ മുകളിലേക്ക് കയക്കുകയായിരുന്നു.മലയുടെ മുകളില്‍ നിലയുറപ്പിച്ച ദൗത്യസംഘം ഇരുവരെയും മുകളിലേക്ക് വലിച്ച്‌ ഉയര്‍ത്തുകയാണ് ചെയ്തത്.മലയ്ക്ക് മുകളിൽ എത്തിയ ബാബുവിന് പ്രാഥമിക വൈദ്യസഹായം നല്‍കും. ചികില്‍സയ്ക്ക് ശേഷം ബാബുവിനെ ആശുപത്രിയിലേക്ക് മാറ്റും.ബാബുവിനെ ഹെലികോപ്ടറില്‍ താഴെ എത്തിക്കാനാണ് നീക്കം. രക്ഷാദൗത്യത്തിന് 30 അംഗ സംഘമാണ് രംഗത്തുള്ളത്. രണ്ട് സംഘമായാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. രണ്ട് ഡോക്ടര്‍മാരും ഫോറസ്റ്റ് വാച്ചര്‍മാരും സംഘത്തിലുണ്ട്.ചെങ്കുത്തായ കൂർമ്പാച്ചി മലയിലാണ് മലമ്പുഴ സ്വദേശിയായ ബാബു കുടുങ്ങിയത്. ഹെലികോപ്ടർ ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ബാബുവും സുഹൃത്തുക്കളായ മൂന്ന് പേരും ചേർന്ന് തിങ്കളാഴ്‌ച്ച ഉച്ചയ്‌ക്കാണ് മലകയറിയത്. മല ഇറങ്ങുന്നതിനിടെ അവശനായ ബാബു കാൽ വഴുതി വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ മരത്തിന്റെ വള്ളികളും വടികളും ഇട്ടു നൽകിയെങ്കിലും ബാബുവിന് മുകളിലേക്ക് കയറാനായില്ല. സുഹൃത്തുക്കൾ മലയിറങ്ങി നാട്ടുകാരേയും പോലീസിനേയും വിവരം അറിയിച്ചു.കഴിഞ്ഞ ദിവസം രാത്രി 12 മണിക്ക് അഗ്‌നിരക്ഷാ സേനയും പോലീസും എത്തിയെങ്കിലും വെളിച്ചക്കുറവ് മൂലം രക്ഷാപ്രവർത്തനം നടത്താനായില്ല. വീഴ്‌ച്ചയിൽ ബാബുവിന്റെ കാൽ മുറിഞ്ഞിട്ടുണ്ട്. കയ്യിലുള്ള മൊബൈൽ ഫോൺ ഉപയോഗിച്ച് ബാബു തന്നെ താൻ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോയെടുത്ത് സുഹൃത്തുക്കൾക്ക് അയച്ചിരുന്നു.ചെറാട് നിന്നും ആറ് കിലോമീറ്റോളം അകലെയാണ് കൂർമ്പാച്ചി മല.

Previous ArticleNext Article