International, News

തായ്‌ലൻഡിലെ ഗുഹയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കുന്നതിനുള്ള രക്ഷാദൗത്യം മൂന്നാം ദിവസത്തിലേക്ക്

keralanews rescue process entered in the third day to save childerns trapped in thailand cave

ബാങ്കോക്ക്: തായ്‌ലാന്‍ഡിലെ താം ലുവാങ് നാം ഗുഹയില്‍ക്കുടുങ്ങിയ കുട്ടികളെയും പരിശീലകനെയും പുറത്തെത്തിക്കാനുള്ള രക്ഷാദൗത്യം മൂന്നാം ദിവസത്തിലേക്ക് കടന്നു.ഇപ്പോള്‍ ഗുഹയില്‍ ബാക്കിയുള്ള പരിശീലകനെയും നാലു കുട്ടികളെയും രക്ഷിക്കാനുള്ള നടപടികള്‍ രക്ഷാപ്രവര്‍ത്തകര്‍ ആരംഭിച്ചു.രണ്ടു ദിവസം പിന്നിട്ട രക്ഷാദൗത്യത്തില്‍ എട്ടു കുട്ടികളെ ഗുഹയ്ക്കു പുറത്തെത്തിച്ചിരുന്നു. രണ്ടാംദിവസമായ തിങ്കളാഴ്ച നാല് കുട്ടികളെക്കൂടി രക്ഷപ്പെടുത്തി. ബാക്കിയുള്ള നാല് കുട്ടികളും കോച്ചുമടക്കം അഞ്ചുപേരാണ് ഇപ്പോഴും ഗുഹയ്ക്കകത്ത് ഉള്ളത്.മൂന്നാം ദിവസത്തെ അനുകൂല കാലാവസ്ഥ പരാമാവധി പ്രയോജനപ്പെടുത്തി രക്ഷാപ്രവര്‍ത്തകര്‍ ബാക്കിയുള്ള അഞ്ചുപേരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ വേഗത്തിലാക്കുന്നുണ്ട്. എന്നാല്‍ ഗുഹയ്ക്കുള്ളിലെ ശക്തമായ അടിയൊഴുക്ക് ഇതിനു വെല്ലുവിളിയാകുന്നുണ്ട്. 13 വിദേശ സ്‌കൂബാ ഡൈവിങ് വിദഗ്ധരും അഞ്ച് തായ്‌ലാന്‍ഡ് നാവികസേനാംഗങ്ങളുമടക്കമുള്ള 18 അംഗ സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.അതേസമയം ഗുഹയ്ക്കുള്ളില്‍ നിന്ന് പുറത്തെത്തിച്ച എട്ടു കുട്ടികളുടെയും ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ആരോഗ്യ മന്ത്രാലയം സെക്രട്ടറി ജെസാദ ചോകെദാംറോങ്‌സുക്ക് മാധ്യമങ്ങളെ അറിയിച്ചു. കുട്ടികളുടെ മാനസികനിലയും തൃപ്തികരമാണെന്ന് അദ്ദേഹം വ്യക്തമാക്കി.പുറത്തെത്തിച്ച കുട്ടികളിൽ രക്തപരിശോധന നടത്തിയതിൽ ന്യൂമോണിയ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് രണ്ടു കുട്ടികള്‍ക്ക് ആന്റിബയോട്ടിക്ക് നല്‍കി. എട്ടുപേരുടെയും എക്‌സറേ പരിശോധിച്ചിട്ടുണ്ട്. കുട്ടികള്‍ ഒരാഴ്ച നിരീക്ഷണത്തില്‍ തുടരുമെന്നും ചോകെദാംറോങ്‌സുക്ക് അറിയിച്ചു.ജൂണ്‍ 23-നാണ് 16 വയസില്‍ താഴെയുള്ളവരുടെ ഫുട്‌ബോള്‍ ടീമിലെ അംഗങ്ങളായ കുട്ടികളും അവരുടെ പരിശീലകനുമടക്കം 13 പേര്‍ കനത്തമഴയെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് ഗുഹയില്‍ കുടുങ്ങിയത്.

Previous ArticleNext Article