വിഴിഞ്ഞം: ഉറയിറക്കുന്ന ജോലികൾ ചെയ്യുന്നതനിടെ കിണറ്റിലെ മണ്ണിടിഞ്ഞ് വീണ് കുടുങ്ങിയ അന്യസംസ്ഥാന തൊഴിലാളി മരിച്ചു.തമിഴ്നാട് പാർവ്വതിപുരം സ്വദേശി മഹാരാജ് (50) ആണ് മരിച്ചത്.ശനിയാഴ്ച്ച രാവിലെ 9.30 ഓടെ മണ്ണിടിഞ്ഞ് കിണറ്റിനുള്ളിൽ അകപ്പെട്ട മഹാരാജിനെ (55)പുറത്തെടുക്കുന്നത് മൂന്നാം ദിവസമാണ്. എൻ.ഡി.ആർ.എഫ് അടക്കം രക്ഷാപ്രവർത്തനത്തിനെത്തിയിട്ടും തൊഴിലാളിയുടെ ജീവൻ രക്ഷിക്കാനായില്ല. മെഷീനുകൾ ഇറക്കിയുള്ള രക്ഷാപ്രവർത്തനം ദുഷ്‌കരമായിരുന്ന സാഹചര്യത്തിൽ ഫയർഫോഴ്‌സും മറ്റ് തൊഴിലാളികളും എൻ.ഡി.ആർ.എഫ്, പോലീസ് സംഘങ്ങൾ മഹരാജനെ രക്ഷിക്കാൻ രാപ്പകലില്ലാതെ പരിശ്രമിച്ചിരുന്നു.90 അടിയോളം താഴ്ചയുള്ള കിണറില്‍ 20 അടിയിലേറെ മണ്ണ് നിറഞ്ഞ സ്ഥിതിയിലായിരുന്നു.ഇന്ന് രാവിലെയോടെയാണ് തടസ്സമായി നിന്ന മണ്ണ് നീക്കം ചെയ്ത് മഹാരാജിന്റെ ശരീരഭാഗങ്ങൾ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന് അടുത്തെത്താൻ രക്ഷാപ്രവർത്തകർക്ക് കഴിഞ്ഞത്. വിഴിഞ്ഞം മുക്കോല ശക്തിപുരം റോഡിൽ അശ്വതിയിൽ സുകുമാരന്റെ വീട്ടുവളപ്പിലെ കിണർ വൃത്തിയാക്കുന്നതിനിടെയായിരുന്നു അപകടം. 90 അടിയോളം താഴ്ചയുള്ള കിണറിൽ നാലു ദിവസം കൊണ്ട് കോൺക്രീറ്റ് ഉറ സ്ഥാപിക്കുന്ന ജോലികൾ നടക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ മഴയ്‌ക്കു ശേഷം ഇന്നലെ പണി പുനരാരംഭിക്കുകയായിരുന്നു. ഇതിനിടയിലാണ് കിണറ്റിലേക്ക് 20 അടിയോളം മണ്ണിടിഞ്ഞ് വീണത്.മഹാരാജ് ഉൾപ്പെടെ അഞ്ച് പേരാണ് ജോലിക്കുണ്ടായിരുന്നത്. മഹാരാജനൊപ്പം മണികണ്ഠൻ എന്നയാളും കിണറ്റിലുണ്ടായിരുന്നു. വിജയൻ, ശേഖരൻ, കണ്ണൻ എന്നിവർ കരയിലുമായിരുന്നു. ഏറ്റവും അടിയിലായിരുന്നു മഹാരാജ് ഉണ്ടായിരുന്നത്. കിണറ്റില്‍ റിങ് സ്ഥാപിക്കുന്നതിനിടിയിൽ മഹാരാജിന്റെ മുകളിലേക്ക് മണ്ണ് ഇടിഞ്ഞ് വീഴുകയായിരുന്നു.ജോലി പുരോഗമിക്കുന്നതിനിടയിൽ ചെറിയ തോതിൽ മണ്ണിടിച്ചിലും വെള്ളമിറങ്ങുകയും ചെയ്തതോടെ മഹാരാജനോടും മണികണ്ഠനോടും കരയിലേക്ക് കയറാൻ വിളിച്ചുപറഞ്ഞിരുന്നു. ഇവർ കയറുന്നതിന് മുമ്പേ മണ്ണിടിയുകയായിരുന്നു. മണികണ്ഠൻ കയറിൽ പിടിച്ച് കയറി. മഹാരാജന്റെ മുകളിലേക്ക് കിണറിന്റെ മധ്യഭാഗത്തു നിന്ന് പഴയ കോൺക്രീറ്റ് ഉറ തകർന്ന് വീഴുകയായിരുന്നു. രക്ഷിക്കുന്നതിന് മുമ്പ് ഇയാൾ പൂർണമായും മണ്ണിനിടിയിലായി.മഹാരാജനെ പുറത്തെടുത്തെങ്കിലും ശരീരഭാഗങ്ങൾ വേർപെട്ട നിലയിൽ ആയിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.