പത്തനംതിട്ട: ചിറ്റാറിൽ വനംവകുപ്പ് കസ്റ്റഡിയിൽ മരിച്ച മത്തായിയുടെ മൃതദേഹം ഇന്ന് റീ പോസ്റ്റ്മോര്ട്ടം ചെയ്യും. സി.ബി.ഐയുടെ ആവശ്യപ്രകാരം ഫോറൻസിക് വിദഗ്ധരടങ്ങുന്ന പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിലാണ് പോസ്റ്റ്മോര്ട്ടം നടത്തുക.പ്രതിഷേധങ്ങൾക്കും നാടകീയതകൾക്കും ഒടുവിലാണ് ചിറ്റാർ സ്വദേശി പി.പി മത്തായിയുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യാൻ തീരുമാനിച്ചത്.അന്വേഷണ സംഘത്തിന്റെ ആവശ്യം പരിഗണിച്ച് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രത്യേകം ക്രമീകരിച്ച ടേബിളിലാണ് ഇന്ന് പോസ്റ്റ്മോർട്ടം നടക്കുക. നെടുങ്കണ്ടം കസ്റ്റഡി മരണ കേസിൽ പോസ്റ്റ്മോർട്ടം നടത്തിയ ഫോറൻസിക് വിദഗ്ധരുടെയും നേത്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കും. തുടർന്ന് നടക്കുന്ന പോസ്റ്റ്മോർട്ടം ക്യാമറയിൽ ചിത്രീകരിക്കും.കേസ് അന്വേഷിക്കുന്ന സിബിഐ സംഘം റീപോസ്റ്റ്മോർട്ടം ആവശ്യപ്പെട്ട് നേരത്തെ തിരുവനന്തപുരം സി.ജെ.എം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയും സംസ്ഥാന സർക്കാരിന് കത്ത് അയക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ജൂലൈയ് 28ന് വനംവകുപ്പ് കസ്റ്റഡിയിലിരിക്കെ കിണറ്റിൽ വീണ് മരിച്ച നിലയിലാണ് മത്തായിയുടെ മൃതദേഹം കണ്ടെത്തിയത്. ആദ്യ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം ശ്വാസകോശത്തിൽ വെള്ളം കയറിയതാണ് മത്തായിയുടെ മരണകാരണമെന്നായിരുന്നു വിശദീകരണം. ശരീരത്തിൽ മർദ്ദനത്തിന്റെ പാടുകളോ മുറിവുകളോ ഉണ്ടായിരുന്നില്ല.എന്നാൽ സംഭവത്തിൽ ദുരൂഹതയാരോപിച്ച് ഭാര്യ ഷീബയും ബന്ധുക്കളും മൃതദേഹം സംസ്കരിക്കാൻ തയ്യാറാവാതെ പ്രതിഷേധം ആരംഭിക്കുകയായിരുന്നു.തുടർന്ന് കോടതിയെ സമീച്ച കുടുംബം ആരോപണ വിധേയരായ വനപാലകരെ അറസ്റ്റ് ചെയ്യാതെ മൃതദേഹം സംസ്കരിക്കില്ലെന്ന് നിലപാടെടുത്തിരുന്നു. പിന്നീട് കോടതി ഉത്തരവ് പ്രകാരം സിബിഐ കേസ് ഏറ്റെടുത്തതോടെയാണ് ഇവർ നിലപാടിൽ മാറ്റം വരുത്തിയത്.പോസ്റ്റ്മോർട്ടത്തിന് ശേഷം പത്തനംതിട്ട ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ മൃതദേഹം സൂക്ഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. നാളെ രാവിലെ വീട്ടിലെത്തിച്ച ശേഷം വൈകിട്ട് 3ന് കട്ടച്ചിറ കുടപ്പന സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ മൃതദേഹം സംസ്കരിക്കുമെന്നും ബന്ധുക്കൾ അറിയിച്ചിട്ടുണ്ട്.
Kerala, News
മരിച്ചിട്ട് 39 ദിവസം; പത്തനംതിട്ടയിൽ വനംവകുപ്പ് കസ്റ്റഡിയിൽ മരിച്ച മത്തായിയുടെ മൃതദേഹം ഇന്ന് റീ പോസ്റ്റ്മോര്ട്ടം ചെയ്യും
Previous Articleസംസ്ഥാനത്ത് ഇന്ന് 1553 പേര്ക്ക് കോവിഡ്; 1950 പേർക്ക് രോഗമുക്തി