തിരുവനന്തപുരം:ലോക്‌സഭ തിരഞ്ഞെടുപ്പിൽ പല ബൂത്തുകളിലും വ്യാപകമായി കള്ളവോട്ട് നടന്നുവെന്ന ആരോപണത്തിന് പിന്നാലെ പോലീസ് വകുപ്പിലെ പോസ്റ്റല്‍ വോട്ടുകളിലും വ്യാപകമായി കള്ളവോട്ട് നടന്നതായി ആക്ഷേപം.ഇതുസംബന്ധിച്ച് ചില നേതാക്കളുടെ ശബ്ദസന്ദേശം പുറത്തുവന്നതായി റിപോര്‍ട്ടുണ്ട്. പോസ്റ്റല്‍ വോട്ടുകള്‍ കൂട്ടത്തോടെ സമാഹരിക്കാന്‍ ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇടത് അനുകൂല പോലീസ് അസോസിയേഷന്‍ നേതാവിന്റേതാണ് ശബ്ദരേഖയെന്നാണ് ആക്ഷേപം.58,000ഓളം പോലീസുകാരാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടത്. പോസ്റ്റല്‍ വോട്ടുകള്‍ പോലീസ് അസോസിയേഷന്‍ നേതാക്കള്‍ക്ക് മുന്‍കൂട്ടി നല്‍കണമെന്നാണ് ശബ്ദരേഖയില്‍ ആവശ്യപ്പെടുന്നത്. ഡ്യൂട്ടിയിലുള്ള പോലീസുകാരുടെ വാട്‌സ്‌ആപ്പ് ഗ്രൂപ്പിലാണ് സന്ദേശം പ്രചരിച്ചത്. പോലീസുകാരുടെ പോസ്റ്റല്‍ വോട്ട് ശേഖരിച്ച ശേഷം അവയില്‍ തിരിമറി നടത്തി പിന്നീട് പെട്ടിയില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നതെന്നും ആരോപണമുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ ഒരു കാരണവശാലും രാഷ്ട്രീയം ചര്‍ച്ച ചെയ്യരുതെന്ന് ഡി.ജി.പി നിര്‍ദ്ദേശം നല്‍കിയിരുന്നതാണ്. ഗുരുതരമായ ആരോപണമാണ് ഉയര്‍ന്നിരിക്കുന്നതെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡി.ജി.പി ലോക്നാഥ് ബഹ്റ പ്രതികരിച്ചു.എന്നാല്‍ ആരോപണം അടിസ്ഥാന രഹിതമാണെന്ന് പൊലീസ് അസോസിയേഷനും അറിയിച്ചിട്ടുണ്ട്. വിവിധ കേസുകളില്‍ സസ്പെന്‍ഷനില്‍ കഴിയുന്ന ഉദ്യോഗസ്ഥരാണ് വ്യാജ സന്ദേശം പ്രചരിപ്പിച്ചതെന്നാണ് അസോസിയേഷന്റെ വിശദീകരണം.