കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ രക്ഷാപ്രവർത്തനത്തിനെത്തിയ ഉക്രൈന്‍ വിമാനം റാഞ്ചിയതായി റിപ്പോര്‍ട്ട്. താലിബാന്‍ നിയന്ത്രണത്തിലായ അഫ്ഗാനില്‍ കുടുങ്ങിയവരുമായി പറന്നുയര്‍ന്ന വിമാനമാണ് തട്ടിയെടുത്തത്. ഈ വിമാനം ഇറാനില്‍ ഇറങ്ങിയതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. റഷ്യന്‍ വാര്‍ത്താ ഏജന്‍സികളാണ് വിമാന റാഞ്ചല്‍ വാര്‍ത്ത പുറത്തുവിട്ടത്. ഉക്രൈന്‍ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി വിമാനം റാഞ്ചിയെന്ന വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. വിമാനം തട്ടിയെടുത്തത് ആരാണ് എന്ന് വ്യക്തമായിട്ടില്ല. അവരുടെ കയ്യില്‍ ആയുധങ്ങള്‍ ഉണ്ടായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. വിമാന റാഞ്ചല്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കാബൂളില്‍ നിന്നുള്ള എല്ലാ വിമാനങ്ങളും നിര്‍ത്തിവെച്ചട്ടുണ്ട്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ രക്ഷാദൗത്യം ഇതോടെ തടസ്സപ്പെട്ടിരിക്കുകയാണ്.വിമാനം ഇറാനിലേക്ക് പറന്നുവെന്നാണ് ഉക്രൈൻ വിദേശകാര്യമന്ത്രി യെവ്‌ഗെനി യെനിൻ അറിയിച്ചിട്ടുള്ളത്.കഴിഞ്ഞ ഞായറാഴ്ച തങ്ങളുടെ വിമാനം അജ്ഞാതർ റാഞ്ചിയതായി ബോദ്ധ്യപ്പെട്ടിരിക്കുന്നു. കാബൂളിലേക്ക് പൗരന്മാരെ കൊണ്ടുവരാൻ ചെന്ന വിമാനമാണ് തട്ടിയെടുത്തത്. ജീവനക്കാർ മാത്രമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ആയുധ ധാരികളായ സംഘമാണ് വിമാനം റാഞ്ചിയതെന്നും മറ്റ് വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും ഉക്രൈൻ മന്ത്രി യെനിൻ പറഞ്ഞു.