കൊല്ലം:പാരിപ്പള്ളിയിൽ നാലു വയസുകാരി മരിച്ചത് മർദ്ദനമേറ്റിട്ടല്ലെന്ന് പോസ്റ്റ് മോർട്ടത്തിൽ പ്രാഥമിക നിഗമനം. ന്യുമോണിയയും മസ്തിഷ്ക ജ്വരവും മരണ കാരണമായി. രോഗം മൂർച്ഛിച്ചതിനാൽ മരണം ഉറപ്പായിരുന്നുവെന്നും പരിശോധനയിൽ കണ്ടെത്തി. കുട്ടിയെ അമ്മ മർദ്ദിച്ചിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞിരുന്നു.ആന്തരിക രക്തസ്രാവമുണ്ടായത് രോഗത്തിന്റെ ഭാഗമാണെന്നാണ് പോസ്റ്റമോർട്ടത്തിലെ പ്രാഥമിക കണ്ടെത്തൽ.കുട്ടിയെ അടിക്കുമ്പോള്‍ ഉണ്ടായ സ്വാഭാവിക അടയാളങ്ങൾ മാത്രമാണ് ശരീരത്തിൽ ഉണ്ടായിരുന്നത്.കുട്ടിയെ അമ്മ മർദ്ദിച്ചിരുന്നുവെന്ന പരാതിയിൽ അസ്വാഭ്വാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അമ്മയെയും അച്ഛനെയും കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു.എന്നാൽ കുട്ടിയുടെ മരണം മർദനം മൂലമല്ലെന്നും കടുത്ത ന്യുമോണിയയും മസ്തിഷ്‌കജ്വരവും കാരണമാണെന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയതോടെ കുട്ടിയുടെ അമ്മയെയും അച്ഛനെയും വിട്ടയച്ചു.തിരുവനന്തപുരം മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു.
രണ്ടുമൂന്നു ദിവസമായി ദിയയ്ക്ക് പനിയുണ്ടായിരുന്നു.പനി മൂർച്ഛിച്ചതോടെ കുട്ടിയെ പാരിപ്പള്ളിയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇവിടുത്തെ പരിശോധനയ്‌ക്കിടയിൽ കുട്ടിയുടെ ദേഹത്ത് മർദ്ദനമേറ്റതിന്റെ പാടുകൾ കണ്ട ഡോക്റ്റർമാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.അടിയന്തിര ചികിത്സ വേണമെന്ന ഡോക്റ്റർമാരുടെ നിർദേശത്തെ തുടർന്ന് കുട്ടിയെ പോലീസ് സംരക്ഷണയിൽ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി കുട്ടിയുടെ ആരോഗ്യനില വഷളാവുകയും രക്തം ഛർദിക്കുകയും ചെയ്തു.തുടർന്ന് ആംബുലൻസിൽ ഉണ്ടായ ഡോക്റ്ററുടെ നിർദേശപ്രകാരം കുട്ടിയെ കഴക്കൂട്ടത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.എന്നാൽ പ്രാഥമിക ചികിത്സ നല്കുന്നതിനിടെ കുട്ടി മരണത്തിനു കീഴടങ്ങുകയായിരുന്നു. വിവരമറിഞ്ഞ് കഴക്കൂട്ടം സിഐ പ്രവീണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി.കുട്ടിയുടെ ഇരുകാലുകളിലും കമ്പുകൊണ്ടടിച്ചതിന്റെ പാടുകൾ പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ അമ്മയുടെ പോലീസ് നിരീക്ഷണത്തിലാക്കുകയും പാരിപ്പള്ളി പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. ആഹാരം കഴിക്കാത്തതിന് കുട്ടിയെ കമ്പുകൊണ്ട് അടിച്ചതായി അമ്മ രമ്യ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ച ശേഷം മാതാപിതാക്കളെ പാരിപ്പള്ളി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണമാകാരണം ന്യുമോണിയ ആണെന്ന് വ്യക്തമായതിനെ തുടർന്ന് പോലീസ് കുട്ടിയുടെ മാതാപിതാക്കളെ വിട്ടയച്ചു.അതേസമയം കുട്ടിയെ തല്ലിയതിന് ബാലനീതി വകുപ്പ് പ്രകാരം പോലീസ് രമ്യക്കെതിരെ കേസെടുക്കും.കുട്ടിയുടെ മരണാനന്തര ചടങ്ങുകൾ പൂർത്തിയായ ശേഷം ഹാജരാകണമെന്ന് പോലീസ് നിർദേശിച്ചിട്ടുണ്ട്.