India, News

റിസർവ് ബാങ്ക് 2000 രൂപാ നോട്ടുകളുടെ അച്ചടി നിര്‍ത്തിയതായി റിപ്പോര്‍ട്ട്

Indian 2000 Rs Currency Note in isolated white background

ന്യൂഡൽഹി:റിസർവ് ബാങ്ക് 2000 രൂപാ നോട്ടുകളുടെ അച്ചടി നിര്‍ത്തിയതായി റിപ്പോര്‍ട്ട്.ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിന് വിവരാവകാശ നിയമപ്രകാരം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കിയ മറുപടിയിലാണ് അച്ചടി നിര്‍ത്തിയെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ 2000 രൂപയുടെ ഒരു നോട്ടുപോലും അച്ചടിച്ചിട്ടില്ലെന്നാണ് റിസര്‍വ് ബാങ്ക് നല്‍കിയ മറുപടി.എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുമ്ബോള്‍ 2000 ത്തിന്റെ നോട്ടുകള്‍ ലഭിക്കുന്നത് ഗണ്യമായി കുറഞ്ഞിട്ടുണ്ട്‌.കള്ളപ്പണത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാനാണ് ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളുടെ അച്ചടി നിര്‍ത്തുന്നതെന്നാണ് കരുതുന്നത്. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ ഒഴിവാക്കുന്നതിലൂടെ കള്ളപ്പണ ഇടപാടുകളും കുറയുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. നോട്ട് നിരോധനത്തെക്കാളും കള്ളപ്പണം തടയാന്‍ ഫലപ്രദമായ നടപടിയാണിതെന്നും വിലയിരുത്തലുണ്ട്.2016-17 സാമ്പത്തിക വര്‍ഷത്തില്‍ 2000 ത്തിന്റെ 3,542,991 മില്യണ്‍ നോട്ടുകള്‍ അച്ചടിച്ചതായാണ് വിവരാവകാശ നിയമപ്രകാരം ആര്‍ബിഐ മറുപടി നല്‍കിയത്.2017-18 സാമ്പത്തിക വര്‍ഷം ഇത് 11 കോടി നോട്ടുകളായി അച്ചടി ചുരുക്കി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 4.6 കോടി രൂപയായതായും കണക്കുകള്‍ വ്യക്തമാക്കുന്നു. നോട്ടുനിരോധനത്തിന് പിന്നാലെയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 2000 രൂപ നോട്ട് അവതരിപ്പിച്ചത്.

Previous ArticleNext Article