India, News

ഡ്രോണുകൾ ഉപയോഗിച്ച് പാക്കിസ്ഥാൻ ഇന്ത്യയിലേക്ക് ആയുധങ്ങൾ എത്തിച്ചതായി റിപ്പോർട്ട്

keralanews report that pakisthan dropped weapons in india

ന്യൂഡല്‍ഹി: കാശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ തീരുമാനത്തില്‍ പ്രതിഷേധിച്ച്‌ ഇന്ത്യയില്‍ ഭീകരാക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനിടെ ഡ്രോണുകൾ ഉപയോഗിച്ച്‌ പാക്കിസ്ഥാൻ പഞ്ചാബിലെ ഇന്ത്യാ – പാക് അതിര്‍ത്തിയില്‍ മാരകായുധങ്ങള്‍ എത്തിച്ചതായി റിപ്പോര്‍ട്ട്.സാറ്റലൈറ്റ് ഫോണുകള്‍ അടക്കമുള്ള നിരോധിത വസ്‌തുക്കളുമായി 10 ദിവസത്തിനിടെ എട്ട് തവണ പാക് ഡ്രോണുകള്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്നതായാണ് പഞ്ചാബ് പൊലീസ് നല്‍കുന്ന വിവരം. കാശ്‌മീരില്‍ അടക്കം വന്‍ കലാപത്തിന് ലക്ഷ്യമിട്ടാണ് തീവ്രവാദികളുടെ നീക്കമെന്നും പഞ്ചാബ് പൊലീസ് വ്യക്തമാക്കുന്നു.ഏതാണ്ട് അഞ്ച് മുതല്‍ പത്ത് കിലോ വരെ ഭാരം വഹിക്കാന്‍ കഴിയുന്ന ഡ്രോണുകള്‍ക്ക് നിരീക്ഷണ സംവിധാനത്തിന്റെ കണ്ണില്‍പെടാതെ അതിവേഗതയില്‍ താഴ്ന്ന് പറന്ന് ലക്ഷ്യസ്ഥാനത്തെത്തി മടങ്ങാന്‍ കഴിയും.ഇന്ത്യയില്‍ സിവിലിയന്‍ ഉപയോഗം നിരോധിച്ചിട്ടുള്ള സാറ്റലൈറ്റ് ഫോണുകളുടെ സാന്നിധ്യം പഞ്ചാബ് അതിര്‍ത്തിയില്‍ നിന്നും തിരിച്ചറിഞ്ഞതാണ് ഇന്ത്യയിലേക്ക് പാകിസ്ഥാന്‍ ആയുധം കടത്തിയെന്ന സംശയം ബലപ്പെടുത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നിരവധി തവണ ഇന്ത്യയിലേക്ക് പാക് ഡ്രോണുകള്‍ ആയുധങ്ങള്‍ എത്തിച്ചെന്ന് കണ്ടെത്തി.പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇപ്പോഴും തുടരുന്ന കാശ്‌മീരില്‍ വിതരണം ചെയ്യാനാണ് ഈ ആയുധങ്ങള്‍ എത്തിച്ചതെന്നാണ് കരുതുന്നത്. ഇവ കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല.അതേസമയം, പാകിസ്ഥാനില്‍ നിന്നും ആയുധങ്ങള്‍ എത്തിച്ചതിന് ഖാലിസ്ഥാന്‍ സിന്ധാബാദ് ഫോഴ്സിലെ നാള് അംഗങ്ങളെ തിങ്കളാഴ്‌ച പഞ്ചാബ് പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഇവരില്‍ നിന്നും ആയുധങ്ങളും 10 ലക്ഷം രൂപയുടെ വ്യാജ കറന്‍സികളും കണ്ടെത്തിയിട്ടുണ്ട്.സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയെ (എന്‍.ഐ.എ) സമീപിച്ചതായും പഞ്ചാബ് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

Previous ArticleNext Article