കണ്ണൂർ:കഴിഞ്ഞ ദിവസം അമ്പായത്തോട് ടൗണിൽ എത്തിയ മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്.സംഭവവുമായി ബന്ധപ്പെട്ട് പോലീസ് യുഎപിഎ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. ലഭിച്ച സിസി ടിവി ദൃശ്യങ്ങളില്‍ മാവോയിസ്റ്റുകളുടെ മുഖം വ്യക്തമല്ല. ദൃക്സാക്ഷികളുടെ മൊഴികളെ ആശ്രയിച്ചാണ് പോലീസിന്റെ അന്വേഷണം നടക്കുന്നത്. പൊലീസ് തിരയുന്ന മാവോയിസ്റ്റ് നേതാവ് സിപി മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയതെന്നാണ് സംശയിക്കുന്നത്. സംഘത്തിലുണ്ടായിരുന്ന സ്ത്രീ കര്‍ണ്ണാടക സ്വദേശി സാവിത്രിയാണെന്നും വിവരമുണ്ട്. മറ്റ് രണ്ടു പേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംശയിക്കുന്ന മാവോയിസ്റ്റുകളുടെ ഫോട്ടോകള്‍ പ്രദേശവാസികളെ കാണിച്ച് അന്വേഷണം നടത്തുന്നുണ്ട്. കൊട്ടിയൂര്‍ അമ്പായത്തോട് ടൗണില്‍ സായുധരായ മാവോയിസ്റ്റ് സംഘം കഴിഞ്ഞ ദിവസമാണ് പ്രകടനം നടത്തിയത്. ഇവര്‍ ലഘുലേഖകള്‍ വിതരണം ചെയ്യുകയും പോസ്റ്റര്‍ പതിപ്പിക്കുകയും ചെയ്തു. അട്ടപ്പാടിയില്‍ ചിതറിയ രക്തത്തിന് പകരം വീട്ടുക, ഈ രക്തത്തിന് കണക്ക് പറയേണ്ടവര്‍ മോദി – പിണറായി കൂട്ടുകെട്ട് എന്നും ഇതിനെതിരെ തിരിച്ചടിക്കാന്‍ സജ്ജരാകുക, ജനവരി 31 ന് പ്രഖ്യാപിച്ച ഭാരത് ബന്ദ് വിജയിപ്പിക്കുക എന്നീ ആവശ്യങ്ങളാണ് പോസ്റ്ററില്‍ ഉള്ളത്.കേന്ദ്രസര്‍ക്കാരിന്റെ ഓപ്പറേഷന്‍ സമാധാന്‍ എന്ന സൈനിക നടപടി പരാജയപ്പെടുത്തണമെന്നും പോസ്റ്ററില്‍ പറയുന്നുണ്ട്. മാവോയിസ്റ്റുകളില്‍ മൂന്ന് പേരുടെ കൈകളില്‍ തോക്കുകള്‍ ഉണ്ടായിരുന്നു.കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തിലൂടെയാണ് സംഘം ടൗണില്‍ എത്തിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. തിരിച്ച് ആ വഴി തന്നെ പോവുകയും ചെയ്തു.2018 ഡിസംബര്‍ 28നും പ്രദേശത്ത് മാവോയിസ്റ്റുകള്‍ എത്തി പ്രകടനം നടത്തിയിരുന്നു. സിപി മൊയ്തീന്‍, രാമു, കീര്‍ത്തിയെന്ന കവിത, ജയണ്ണ, സാവിത്രി, സുന്ദരി എന്നിവരാണ് അന്ന് വന്നതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.കഴിഞ്ഞ മാസമാദ്യം പേരാവൂര്‍ ചെക്കേരി കോളനിയിലും മൂന്നംഗ മാവോയിസ്റ്റ് സംഘമെത്തിയിരുന്നു. കണ്ണൂര്‍, വയനാട് അതിര്‍ത്തിയിലെ കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തിനോട് ചേര്‍ന്നുള്ള വനമേഖലയില്‍ മാവോയിസ്റ്റ് സംഘമുണ്ടെന്ന സംശയത്തിലാണ് പോലീസ്.