കണ്ണൂർ:കള്ളവോട്ട് നടന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് നാളെ റീപോളിങ് നടക്കുന്ന കണ്ണൂർ,കാസർകോഡ് ജില്ലകളിലെ ഏഴ് ബൂത്തുകളിൽ ഇന്ന് നിശബ്ദ പ്രചാരണം നടക്കും.കണ്ണൂരിലെ നാലും കാസര്‍കോട്ടെ മൂന്നും ബൂത്തുകളിലാണ് വീണ്ടും വോട്ടെടുപ്പ് നടത്തുന്നത്. പ്രത്യേക നിരീക്ഷകരുടെ സാന്നിധ്യത്തില്‍ കനത്ത സുരക്ഷയിലായിരിക്കും റീ പോളിംഗ്. കടുത്ത മത്സരം നടന്നതിനാല്‍ റീപോളിങിനെ അതീവഗൗരവമായാണ് മുന്നണികള്‍ സമീപിക്കുന്നത്. എല്‍.ഡി.എഫും യു.ഡി.എഫും വീടുകയറിയുള്ള സ്ക്വാഡ് പ്രചാരണത്തിനാണ് മുന്‍തൂക്കം നല്‍കിയത്. റീപോളിങ് നടക്കുന്ന നാലു ബൂത്തിലും തെരഞ്ഞെടുപ്പ് ചുമതലയ്ക്കു പുതിയ ഉദ്യോഗസ്ഥരെയാകും നിയോഗിക്കുക. പോളിങ് സ്റ്റേഷനിലും പരിസരങ്ങളിലും അതീവസുരക്ഷ എര്‍പ്പെടുത്താന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെബ്കാസ്റ്റിങ്ങ് വീഡിയോ റെക്കോര്‍ഡിങ്ങ് സംവിധാനവും ഒരുക്കും.കാസര്‍കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന് ചീമേനിയിലെത്തി വോട്ടര്‍മാരെ കാണും. മുംബൈയിലായിരുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സതീഷ് ചന്ദ്രന് ഇന്ന് എല്ലാ ബൂത്തുകളിലും എത്തും. ചികിത്സയിലുള്ള കണ്ണൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന് പ്രചാരണത്തിന് ഇറങ്ങില്ല. എന്‍ഡിഎ സ്ഥാനാര്‍ത്ഥിമാരും വീടുകള്‍ കയറി പ്രചാരണം നടത്തും.