കാസർകോഡ്:ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുണ്ടായിരുന്ന കാസര്‍കോട് ജില്ലയില്‍ നിന്നും ആശ്വാസ വാർത്ത.കൊറോണ രോഗമുക്തി നേടി നിരവധി പേരാണ് ആശുപത്രി വിട്ടത്.കാസര്‍കോട് ജില്ലയില്‍ ഇത് വരെ കൊറോണ സ്ഥിരീകരിച്ചത് 167 പേര്‍ക്കാണ്. കഴിഞ്ഞ നാല് ദിവസത്തിനിടെ 50 പേര് രോഗം ഭേദമായി ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് മടങ്ങി.ഇതോടെ ജില്ലയില്‍ രോഗം ഭേദമായവരുടെ എണ്ണം 83 ആയി. ഇനി ചികിത്സയിലുള്ളത് 84 രോഗികളാണ്. കഴിഞ്ഞ നാല് ദിവസത്തിനിടെ കാസര്‍കോട് ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ചത് ഒരാള്‍ക്ക് മാത്രമാണ്. ചൊവ്വാഴ്ച മാത്രമാണ് പുതുതായി ഒരു പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. മറ്റ് മൂന്ന് ദിവസങ്ങളിലും പുതിയ പോസിറ്റീവ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല.കാസര്‍കോട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന ഒരു രോഗിയും ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന മൂന്ന് രോഗികള്‍ക്കുമാണ് ബുധനാഴ്ച രോഗം ഭേദമായത്.ഇതുവരെ രോഗം ഭേദമായവരില്‍ 59 പേര് വിദേശത്തുനിന്നും നാട്ടിലേത്തിയവരും 24 പേര് സമ്പർക്ക പട്ടികയിലുള്ളവരുമാണ്.ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തിലും കുറവ് വരുന്നുണ്ട്. 137 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്.കോവിഡ് 19 സമൂഹ വ്യാപന സാധ്യത വിലയിരുത്താനായി ജില്ലയില്‍ ആരംഭിച്ച സര്‍വ്വേ പുരോഗമിക്കുകയാണ്. കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്ത പഞ്ചായത്തുകളും നഗരസഭകളും കേന്ദ്രീകരിച്ചാണ് സര്‍വ്വേ. ലോക്ഡൌണ് നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് ജില്ലയില്‍ ഇതുവരെ 875 കേസുകളില്‍ 1367 പേരെ അറസ്റ്റ ചെയ്തിട്ടുണ്ട്. കൂടാതെ 493 വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു.