പത്തനംതിട്ട:സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ച സാഹചര്യത്തിൽ അതീവ ജാഗ്രത തുടരുന്നതിനിടെ ഇറ്റലിയില്‍ നിന്ന് റാന്നിയിലെത്തിയ കുടുംബം സഞ്ചരിച്ച റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു.ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ആദ്യ അഞ്ചുപേര്‍ സഞ്ചരിച്ച ദിവസവും സ്ഥലങ്ങളും കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ച രണ്ടു പേര്‍ സഞ്ചരിച്ച തിയ്യതിയും സ്ഥലങ്ങളുമാണ് മാപ്പിലുള്ളത്.പ്രസ്തുത സമയങ്ങളില്‍ ഈ റൂട്ടില്‍ യാത്ര ചെയ്തവര്‍ അധികൃതരെ വിവരമറിയിക്കണമെന്നും നിര്‍ദേശമുണ്ട്. കൊവിഡ് 19 സ്ഥിരീകരിച്ച എഴു വ്യക്തികള്‍ 2020 ഫെബ്രുവരി 29 മുതല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാര്‍ച്ച് 6 വരെയുള്ള ദിവസങ്ങളില്‍ യാത്ര ചെയ്ത പൊതുസ്ഥലങ്ങള്‍, അവിടെ അവര്‍ ചെലവഴിച്ച സമയം എന്നീ കാര്യങ്ങളാണ് ഫ്‌ളോ ചാര്‍ട്ടിലൂടെ പ്രസിദ്ധീകരിക്കുന്നത്.ഈ സ്ഥലങ്ങളില്‍ ഈ സമയങ്ങളില്‍ ഉണ്ടായിരുന്ന വ്യക്തികള്‍ ആരോഗ്യ വിഭാഗത്തിന്റെ സ്‌കീനിങില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പുവരുത്താനാണ് ഫ്‌ളോ ചാര്‍ട്ട് പ്രസിദ്ധീകരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇവര്‍ 9188297118, 9188294118 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.ചിലരെങ്കിലും ആരോഗ്യ വിഭാഗത്തിന്റെ ശ്രദ്ധയില്‍പ്പെടാതെ വന്നിട്ടുണ്ടാവാമെന്നതിനാലാണ് നടപടി.
പേഷ്യന്റ് കോഡ്: പി 1 ക്ലസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ആദ്യ അഞ്ചുപേര്‍ സഞ്ചരിച്ച തീയതിയും സ്ഥലങ്ങളുമാണ്(രണ്ടു പേജ്).
പേഷ്യന്റ് കോഡ്: പി 2 ക്ലസ്റ്ററില്‍ ഉള്‍പ്പെട്ടത് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ മാര്‍ച്ച് 10ന് രോഗം സ്ഥിരീകരിച്ച രണ്ടു പേര്‍ സഞ്ചരിച്ച തീയതിയും സ്ഥലങ്ങളുമാണ്.