Kerala, News

സംസ്ഥാനത്തെ ഏഴുജില്ലകളിൽ ഇന്ന് മുതൽ ലോക്ക് ഡൌൺ നിയന്ത്രണങ്ങളിൽ ഇളവ്

keralanews relaxation in lock down restriction in seven districts in kerala from today

തിരുവനന്തപുരം:സംസ്ഥാനത്തെ ഏഴുജില്ലകളിൽ ഇന്ന് മുതൽ ലോക്ക് ഡൌൺ നിയന്ത്രണങ്ങളിൽ ഇളവ്.ഗ്രീൻ, ഓറഞ്ച് ബി സോണുകളിൽ ഉൾപ്പെട്ട ജില്ലകളിലാണ് ഇളവുകളുണ്ടാകുക.കോട്ടയം, ഇടുക്കി (ഗ്രീന്‍ സോണ്‍) ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശൂര്‍ (ഓറഞ്ച് ബി) എന്നീ ജില്ലകളിലാണ് ഇളവുകള്‍ പ്രാബല്യത്തില്‍ വന്നത്.ഈ ജില്ലകളില്‍ ആരോഗ്യമേഖല, കൃഷി, മത്സ്യബന്ധനം, പ്ലാന്‍റേഷന്‍, മൃഗസംരക്ഷണം, സാമ്പത്തിക മേഖല, സാമൂഹ്യമേഖല, ഓണ്‍ലൈന്‍ വിദ്യാഭ്യാസ സമ്പ്രദായം, തൊഴിലുറപ്പ് പദ്ധതികള്‍ എന്നീ മേഖലകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി ഉണ്ട്.ധനനീക്കം, ഊര്‍ജ്ജവിതരണം എന്നിവ ഉള്‍പ്പെടെയുള്ള പൊതുസേവനകാര്യങ്ങള്‍, ചരക്ക് നീക്കം, അവശ്യസാധനങ്ങളുടെ വിതരണം, സ്വകാര്യ, വാണിജ്യസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ മേഖലയിലും സ്വകാര്യമേഖലയിലുമുള്ള വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കും അനുമതി നല്‍കിയിട്ടുണ്ടെന്ന് ഇന്നലെ ഡിജിപി പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു.എന്നാല്‍ ഇളവ് പ്രഖ്യാപിച്ച സ്ഥലങ്ങളിലെ ഹോട്ട്‍സ്പോട്ടുകളില്‍ നിയന്ത്രണം തുടരും.

ഒറ്റ-ഇരട്ട അക്ക സബ്രദായത്തിലാണ് വാഹനങ്ങള്‍ക്ക് യാത്രാനുമതി നല്‍കിയിരിക്കുന്നത്. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒന്‍പത് നമ്പറുകളിൽ അവസാനിക്കുന്ന രജിസ്‌ട്രേഷൻ നമ്പറുള്ള വാഹനങ്ങള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് യാത്രാനുമതി.പൂജ്യം, രണ്ട്, നാല്, ആറ്, എട്ട് അക്കങ്ങളില്‍ അവസാനിക്കുന്ന നമ്പറുള്ള വാഹനങ്ങള്‍ക്ക് അനുമതിയുള്ളത് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ്. എന്നാല്‍, ഒഴിവാക്കപ്പെട്ട വിഭാഗത്തിലുള്ളവരും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചിട്ടുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരും സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്ക് ഈ ക്രമം ബാധകമല്ല.ജില്ലാ അതിര്‍ത്തി കടന്നുള്ള യാത്രകള്‍ നിരോധിച്ചിട്ടുണ്ട്. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുള്ള കാര്യങ്ങള്‍ക്കും മാത്രമേ ജില്ലാഅതിര്‍ത്തിയും സംസ്ഥാന അതിര്‍ത്തിയും കടന്നുള്ള യാത്ര അനുവദിക്കുകയുള്ളു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സിനിമാതിയ്യേറ്ററുകള്‍, ഷോപ്പിംഗ് കേന്ദ്രങ്ങള്‍, പാര്‍ക്കുകള്‍, ബാറുകള്‍ മുതലയായവ പ്രവര്‍ത്തിക്കില്ല. ജനങ്ങള്‍ കൂട്ടംകൂടുന്ന എല്ലാതരം പരിപാടികളും നിരോധിച്ചിട്ടുണ്ട്. ആരാധനാകേന്ദ്രങ്ങളും തുറക്കില്ല.വിവാഹത്തിനും മരണാനന്തരചടങ്ങുകളിലും 20 ല്‍ കൂടുതല്‍ പേര്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നും ഡിജിപി അറിയിച്ചു.ഇളവുകള്‍ സംബന്ധിച്ച്‌ ആശയക്കുഴപ്പവും നിലനില്‍ക്കുന്നുണ്ട്. കോട്ടയത്തും ഇടുക്കിയിലും ഇന്ന് മുതല്‍ ഇളവെന്നാണ് പൊലീസിന്റെ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുമ്പോൾ ഇളവുകള്‍ നാളെ മുതല്‍ മാത്രമെന്നാണ് രണ്ട് ജില്ലകളിലെയും കളക്ടര്‍മാര്‍ അറിയിച്ചത്. ഇന്ന് ശുചീകരണം മാത്രമാണെന്നും ഇളവുകള്‍ നാളെ മുതലെന്നുമാണ് കളക്ടര്‍മാര്‍ അറിയിച്ചത്. അതേസമയം ഇളവുകള്‍ നടപ്പാക്കുന്ന ജില്ലകളില്‍ സ്വയം നിയന്ത്രണം പാലിച്ചില്ലെങ്കില്‍ വീണ്ടും ലോക്ക് ഡൗണ്‍ വന്നേക്കുമെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ് രംഗത്തെത്തിയിട്ടുണ്ട്. രോഗികളില്ലാത്ത ജില്ലകളില്‍ പോലും രോഗവ്യാപന സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുവെന്നത് കണക്കിലെടുത്താണ് ഇത്തരമൊരു മുന്നറിയിപ്പ് ആരോഗ്യ വകുപ്പ് മുന്നോട്ട് വെച്ചത്.

Previous ArticleNext Article