തിരുവനന്തപുരം:കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ മരണപ്പെട്ട മാധ്യമപ്രവർത്തകൻ എസ്.വി. പ്രദീപിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ. പ്രദീപിന് സാമൂഹിക മാധ്യമങ്ങളിലൂടെ ഭീഷണി ഉണ്ടായിരുന്നതായി അമ്മയും സഹോദരിയും പറഞ്ഞു. തന്റെ ഫോണ്‍ ഹാക്ക് ചെയ്തെന്ന് പ്രദീപ് ഒരിക്കല്‍ പറഞ്ഞിരുന്നതായും കുടുംബം പറഞ്ഞു. സംഭവത്തിൽ പ്രത്യേക പൊലീസ് സംഘം അന്വേഷണം തുടങ്ങി. തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം.അപകടം ഉണ്ടാക്കിയെന്ന് കരുതപ്പെടുന്ന ടിപ്പര്‍ ലോറി ഇതുവരെ കണ്ടെത്താനായില്ല.തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തിലുണ്ടായ വാഹനാപകടത്തിലാണ് പ്രദീപ് മരിച്ചത്. ഇന്നലെ ഉച്ച തിരിഞ്ഞ് 3.15 നും 3.30 നും ഇടയില്‍ തിരുവനന്തപുരത്ത് നിന്ന് പള്ളിച്ചലിലേക്ക് പോകുന്നതിനിടയിലായിരുന്നു അപകടം. പ്രദീപ് സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ ടിപ്പര്‍ തട്ടിയതോടെ പ്രദീപ് റോഡിന് നടുവിലേക്ക് വീഴുകയായിരുന്നു.ആളൊഴിഞ്ഞ സ്ഥലത്ത് പരിക്കേറ്റു കിടക്കുകയായിരുന്ന പ്രദീപിനെ ഏറെ നേരം കഴിഞ്ഞാണ് കണ്ടെത്തിയത്. അപകടം ഉണ്ടാക്കിയെന്ന് കരുതപ്പെടുന്ന ടിപ്പറിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. അപകട ശേഷം ടിപ്പര്‍ വേഗതയില്‍ പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. ടിപ്പര്‍ കേന്ദ്രീകരിച്ചാണ് പ്രത്യേക സംഘത്തിന്റെ അന്വേഷണം. സംഭവത്തില്‍ അന്വേഷണം വേണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു.പ്രദീപിന്റെ ഭാര്യ ഹോമിയോ ഡോക്ടര്‍ ആണ്. ഒരു മകന് ഉണ്ട് .നീണ്ട വര്‍ഷക്കാലം മാധ്യമരംഗത്ത് പ്രവര്‍ത്തിച്ചുവരികയായിരുന്നു എസ്. വി പ്രദീപ്. കര്‍മ്മ ന്യൂസ്,മനോരമ, ജയ് ഹിന്ദ്, ന്യൂസ് 18, കൈരളി പീപ്പിള്‍, മംഗളം എന്നീ ചാനലില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
Kerala, News
മാധ്യമപ്രവർത്തകൻ എസ്.വി. പ്രദീപിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ; പ്രത്യേകസംഘം അന്വേഷണം ആരംഭിച്ചു
Previous Articleരാജ്യത്ത് പാചക വാതക വിലയില്‍ വീണ്ടും വര്‍ധന