മലപ്പുറം:തിരൂരിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന് പതിനഞ്ചു വയസ്സുകാരിയെ ബംഗാളി യുവാവ് വീട്ടിൽക്കയറി കുത്തിക്കൊന്നു.പശ്ചിമ ബംഗാൾ സ്വദേശിനി ഫാത്തിബിയുടെ മകൾ സമീന കാത്തൂമാണ് മരിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ കന്ന സ്വദേശി സാദത്ത് ഹുസൈനെ(25) തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. തിരൂർ തൃക്കണ്ടിയൂർ വിഷുപ്പാടത്ത് വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമ്നിയോടെയാണ് സംഭവം.മറുനാടൻ തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ രണ്ടിടത്തായാണ് സമീനയുടെ കുടുംബവും സാദത്തും താമസിക്കുന്നത്. സമീനയുടെ കൂടെയുള്ളവർ ജോലിക്ക് പോയ സമയത്താണ് യുവാവ് ഇവിടെയെത്തിയത്. അടുക്കളയിലെത്തിയ യുവാവ് ഇവിടെയുണ്ടായിരുന്ന കത്തി ഉപയോഗിച്ച് സമീനയെ കുത്തുകയായിരുന്നു.വയറിനും നെഞ്ചിനും കാലിനും കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ സമീനയെ ആദ്യം തിരൂർ ജില്ലാ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സമീനയെ കുത്തിയ ശേഷം ഓടി രക്ഷപെടാൻ ശ്രമിച്ച സാദത്ത് ഹുസൈനെ നാട്ടുകാർ പിടിക്കൂടി കെട്ടിയിട്ട് പോലീസിൽ ഏൽപ്പിച്ചു. സമീനയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.