പേരാമ്പ്ര: ചെമ്പനോടയില്‍ കര്ഷകന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ വില്ലേജ് ഓഫീസര്‍ക്കും തഹസില്‍ദാര്‍ക്കുമെതിരെ നടപടിക്ക് ശുപാര്‍ശ. റവന്യൂ അഡീഷണല്‍ സെക്രട്ടറിയാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്.കൈവശഭൂമിക്ക് നികുതി സ്വീകരിക്കാന്‍ വില്ലേജ് അധികൃതര്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡിലെ കാട്ടിക്കുളം കാവില്‍ പുരയിടത്തില്‍ ജോയി വില്ലേജ് ഓഫീസില്‍ ആത്മഹത്യ ചെയ്തത്. നികുതി സ്വീകരിക്കാനുള്ള നിര്‍ദേശം തടസപ്പെടുത്തിയത് വില്ലേജ് ഓഫീസര്‍ ആണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.വില്ലേജ് അസിസ്റ്റന്റ് സിലീഷിന്റെ ഇടപെടല്‍ ഫയലുകളിലൂടെ വ്യക്തമല്ലെന്നും റവന്യൂ അഡീഷണല്‍ സെക്രട്ടറിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.കര്‍ഷക ആത്മഹത്യയെ തുടര്‍ന്ന ഒളിവിലായിരുന്ന വില്ലേജ് അസിസ്റ്റന്റ് സിലീഷ് പേരാമ്പ്ര സി.ഐയ്ക്ക് മുന്നില്‍ കീഴടങ്ങുകയും പിന്നീട് ഉപാധികളോടെ ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.