Kerala, News

രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രയ്ക്ക് സ്വീകരണം നൽകി; രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ

keralanews reception to ramesh chennithala in aiswarya kerala yathra two police officers suspended

കൊച്ചി:പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്ര കൊച്ചിയിലെത്തിയപ്പോൾ സ്വീകരിക്കുകയും അദ്ദേഹത്തെ ഷാള്‍ അണിയിക്കുകയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനൊപ്പം നിന്ന് ഫോട്ടോ എടുക്കുകയും ചെയ്ത രണ്ടു പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു.എറണാകുളം റൂറലിലെ ഉദ്യോഗസ്ഥരായ ബിജു, സില്‍ജന്‍ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. പൊലീസുകാര്‍ ചട്ടലംഘനം നടത്തി എന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.ബിജു, സില്‍ജന്‍ എന്നിവരെ കൂടാതെയുള്ളവര്‍ക്കെതിരെയും നടപടി എടുക്കുന്നതിനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്. യുഡിഎഫ് നേതാക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്നു സംഭവത്തില്‍ കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ നാഗരാജു അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. വ്യാഴാഴ്ച രാത്രി എറണാകുളം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ വെച്ചാണ് പൊലീസുകാര്‍ നേതാക്കളെ കണ്ടത്. കൊച്ചി സിറ്റി ഹെഡ് ക്വാര്‍ട്ടേഴ്സ് ക്യാമ്പിലെ വാട്സാപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയാണ് പൊലീസുകാര്‍ക്ക് വിനയായത്.അതേസമയം ഭരണഘടനാ പദവിയിലുള്ള പ്രതിപക്ഷ നേതാവിനൊപ്പം പൊലീസ് ഉദ്യോഗസ്ഥര്‍ ഫോട്ടോ എടുക്കുന്നതില്‍ അപാകതയില്ലെന്ന നിലപാടാണ് പൊലീസിലെ ഐ ഗ്രൂപ്പുകാർ പറയുന്നത്. ഡ്യൂട്ടി സമയം കഴിഞ്ഞാണ് പൊലീസുകാര്‍ ഗസ്റ്റ് ഹൌസിലെത്തി നേതാക്കളെ കണ്ടതെന്നും ഇവര്‍ വിശദീകരിക്കുന്നു. സംഭവത്തില്‍ നിയമവശം പരിശോധിച്ച്‌ തുടര്‍ നടപടി സ്വീകരിക്കുമെന്നും അവര്‍ അറിയിച്ചു.

Previous ArticleNext Article