Kerala, News

കണ്ണൂർ വി.സിയുടെ പുനർനിയമനം;സർക്കാരിന് താൽക്കാലിക ആശ്വാസം; ഹർജി നിയമപരമായി നിലനിൽക്കില്ലെന്ന് ഹൈക്കോടതി

keralanews re appointment of kannur vc temporary relief to government the high court held that the petition was not legally exist

കൊച്ചി: കണ്ണൂർ സർവകലാശാല വിസി ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ചോദ്യം ചെയ്ത് സെനറ്റംഗം അടക്കമുള്ളവർ നൽകിയ ഹർജി നിയമപരമായി നിലനിൽക്കില്ലെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച്. ജസ്റ്റിസ് അമിത് റാവൽ ആണ് ഹർജിയിൽ വാദം കേട്ടത്. ഗോപിനാഥ് രവീന്ദ്രന്റെ നിയമനം റദ്ദാക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.വിസിയെ നീക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം ഡോ പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി ജോസ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.വി.സി നിയമനത്തിൽ രൂക്ഷ വിമർശനങ്ങൾ നേരിട്ട പിണറായി സർക്കാരിന് താൽക്കാലിക ആശ്വാസം നൽകുന്ന വിധിയാണ് ഇത്. ഹർജിയിൽ പ്രാഥമിക വാദം നേരത്തെ പൂർത്തിയായിരുന്നു. കണ്ണൂർ യൂണിവേഴ്‌സിറ്റി നിയമവും യു.ജി.സി ചട്ടങ്ങളും മറികടന്നാണ് ഗോപിനാഥ് രവീന്ദ്രനെ വി.സി യായി വീണ്ടും നിയമിച്ചതെന്നാണ് ഹർജിക്കാരുടെ വാദം.ഗവര്‍ണറുടെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ വാദത്തിന് അവസരം നല്‍കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം ജസ്റ്റിസ് അമിത് റാവല്‍ കഴിഞ്ഞ ദിവസം തളളിയിരുന്നു. ഗവര്‍ണര്‍ കൂടി അറിഞ്ഞ് നിയമപരമായ അറിഞ്ഞ് നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയല്ലേ പുനര്‍നിയമനം നല്‍കിയതെന്ന സംശയവും കോടതി പ്രകടിപ്പിച്ചിരുന്നു.വിസിയുടെ കാലാവധി അവസാനിച്ചതിനു തൊട്ടടുത്ത ദിവസമായിരുന്നു പുനർനിയമനം നല്‍കിക്കൊണ്ട് ചാന്‍സലർ ഉത്തരവ് പുറപ്പെടുവിച്ചത്.നാല് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയ വിസിക്ക് അതേ പദവിയില്‍ ഗവര്‍ണര്‍ നാല് വര്‍ഷത്തേക്കു കൂടി പുനര്‍നിയമനം നല്‍കുന്നതു സംസ്ഥാനത്ത് ആദ്യമായിരുന്നു. പുതിയ വി.സിയെ തിരഞ്ഞെടുക്കാനായി രൂപീകരിച്ച കമ്മിറ്റിയും ഇതിനു പിന്നാലെ പിരിച്ചുവിട്ടിരുന്നു. പിന്നീടാണ് രാഷ്ട്രീയ സമ്മർദം മൂലമാണ് വിസി നിയമന ഉത്തരവില്‍ ഒപ്പിട്ടതെന്ന് ഗവർണർ തുറന്നടിച്ചത്. തുടർന്ന്, വിസി നിയമനങ്ങളില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടെന്നും സമ്മർദങ്ങള്‍ക്ക് വിധേയനായി ചാന്‍‌സിലർ ചാന്‍‌സിലർ സ്ഥാനത്ത് തുടരാനാവില്ലെന്നും കാണിച്ച് ഗവർണർ മുഖ്യമന്ത്രിക്ക് കത്ത് അയച്ചു. പിന്നാലെ ഇക്കാര്യം നിഷേധിച്ച് മുഖ്യമന്ത്രിയും രംഗത്തെത്തി. വി.സിയുടെ നിയമനത്തിനായി ഗവർണർക്ക് ശുപാർശക്കത്ത് നൽകിയ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ പ്രവർത്തിയും വിവാദമുണ്ടാക്കിയിരുന്നു. നിയമനത്തിൽ ചട്ടവിരുദ്ധതയില്ലെന്നും പുതിയ നിയമനമല്ല, മറിച്ച് പുനർനിയമനമാണ് നടന്നതെന്നായിരുന്നു സർക്കാർ വാദം. അതേസമയം സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഹർജിക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചേക്കുമെന്നും സൂചനയുണ്ട്.

Previous ArticleNext Article