മുംബൈ: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന യെസ് ബാങ്കിന് ആര്‍ബിഐ മൊറട്ടോറിയം ഏര്‍പ്പെടുത്തി.ഇതോടെ നിക്ഷേപകര്‍ക്ക് 50,000 രൂപ മാത്രമെ യെസ് ബാങ്കില്‍നിന്ന് പിന്‍വലിക്കാന്‍ കഴിയൂ. മൊറട്ടോറിയം വ്യാഴാഴ്ച നിലവില്‍ വന്നു. 30 ദിവസത്തേക്കാണ് നടപടി.ബാങ്കിന്റെ നിലവിലെ ബോര്‍ഡിനെ അസാധുവാക്കുകയും മുന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ പ്രശാന്ത് കുമാറിനെ ബാങ്കിന്റെ അഡ്മിനിസ്ട്രേറ്ററായി റിസര്‍വ്വ് ബാങ്ക് നിയമിക്കുകയും ചെയ്തു.ബാങ്കിന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പെട്ടെന്ന് തന്നെ നടപടിയുണ്ടാകുമെന്നും നിക്ഷേപകര്‍ക്ക് യാതൊരു ആശങ്കയും വേണ്ടെന്നും ആര്.ബി.ഐ അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെ ലയനം അല്ലെങ്കില്‍ പുനഃസംഘടനയുണ്ടാകുമെന്നും ആര്.ബി.ഐ വ്യക്തമാക്കി.
അതേസമയം മൊറൊട്ടോറിയം പ്രഖ്യാപിച്ച വാര്‍ത്തയെ തുടര്‍ന്ന് യെസ് ബാങ്ക് എടിഎമ്മുകളില്‍ രാജ്യമെമ്പാടും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പക്ഷേ, മിക്കയിടത്തും എടിഎം കാലിയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. എടിഎമ്മുകളില്‍ പണമില്ലെന്ന കാര്യം ബാങ്ക് അധികൃതര്‍ അറിയിച്ചില്ലെന്ന ആക്ഷേപവും ഉണ്ട്. ഇതിനിടെ യെസ് ബാങ്കിന്റെ ഓഹരി മൂല്യത്തിനും വലിയ ഇടിവ് സംഭവിച്ചു. എന്‍എസ്ഇയില്‍ 85 ശതമാനം ഇടിവാണ് യെസ് ബാങ്ക് ഓഹരികള്‍ നേരിട്ടത്. വ്യാഴാഴ്ച ക്ലോസിങ്ങില്‍ 36.80 രൂപ ആയിരുന്നത് വെള്ളിയാഴ്ച ഒറ്റയടിക്ക് 5.56 രൂപയായി ഇടിയുകയായിരുന്നു.